സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി നടപ്പാക്കരുതെന്ന് കത്തോലിക്കാ സഭാ നേതൃത്വം
''സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി സര്‍ക്കാര്‍ അതിവേഗത്തില്‍ നടപ്പാക്കേണ്ടതില്ല'' എന്ന നിലപാട് പ്രഖ്യാപിച്ച് കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (കെ.സി.ബി.സി). ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ സഭയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ചു. ആവശ്യമായ അവധാനതയും കൂടിയാലോചനയും ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് വേണമെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.
എന്നാല്‍, ഈ അവധാനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? കൂടിയാലോചന എന്ന് പറഞ്ഞാല്‍ ആരോടൊപ്പം, എത്ര കാലം, ഏത് വിഷയങ്ങളില്‍? ഇത്തരം ഒരു ക്ഷേമനിധി നടപ്പിലാക്കേണ്ടതില്ലന്നു തന്നെയാണ് സഭാ നേതൃത്വത്തിന്റെ നിലപാടെന്ന് തുടര്‍ന്നുള്ള വാര്‍ത്താ വിശകലനത്തില്‍ വ്യക്തമാണ്.
കേരളത്തില്‍ നിലവിലുള്ള ക്ഷേമനിധി സംവിധാനങ്ങള്‍ പുതിയതൊന്നുമല്ല. വിവിധ തൊഴില്‍ മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ക്ഷേമനിധികളില്‍, തൊഴിലുടമയും സര്‍ക്കാരും നിശ്ചിത വിഹിതം അടയ്ക്കുന്നു. 60 വയസ്സിന് ശേഷം അംഗങ്ങള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ ഘടനയില്‍ അധികം പഠിക്കാനോ പരിശോധിക്കാനോ എന്തുണ്ട് എന്നതാണ് അടിസ്ഥാന ചോദ്യം.
വേദപാഠ അധ്യാപകര്‍ക്ക് ക്ഷേമനിധി എന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍വച്ചത്, കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. അതിനെ തിടുക്കത്തില്‍ നടപ്പാക്കേണ്ടതില്ല എന്ന നിലപാട്, ആ ശുപാര്‍ശകള്‍ ഒന്നാകെ തള്ളിക്കളയണമെന്ന സൂചനയാണ് നല്‍കുന്നത്?
ഇത് തിരഞ്ഞെടുപ്പ് കാലത്തെ വോട്ട് രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയിലെ ഒരു പള്ളിയില്‍ ശുശ്രൂഷയില്‍ പങ്കെടുത്തതിനെയും വോട്ട് രാഷ്ട്രീയ തന്ത്രം എന്ന് വ്യാഖ്യാനിച്ചവരാണ് ഇവിടെയും അത് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എല്ലാ നടപടികളും വോട്ടിനുവേണ്ടിയാണെന്ന് വാദിക്കേണ്ടിവരും. നല്ല ഭരണം കാഴ്ചവയ്ക്കുന്നവരെയാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കുന്നത്.
ഇവിടെ മറ്റൊരു ഗൗരവമേറിയ ചോദ്യം ഉയരുന്നു: കെ.സി.ബി.സിയുടെ ഒരു ഡെപ്യൂട്ടി സെക്രട്ടറിക്ക് കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലപാട് പ്രഖ്യാപിക്കാനുള്ള അധികാരം എവിടെ നിന്നാണ് ലഭിക്കുന്നത്? ഈ പ്രസ്താവനയിലൂടെ കത്തോലിക്കരല്ലാത്ത ഇതര ക്രൈസ്തവ സഭകളിലെ മതാധ്യാപകരുടെ ആനുകൂല്യങ്ങളും ഇല്ലാതായില്ലേ? ജസ്റ്റിസ് കോശി കമ്മീഷന്‍ അന്വേഷിച്ചത് കത്തോലിക്കരുടെ മാത്രം പിന്നാക്കാവസ്ഥയാണോ? വിവിധ സഭകളിലെ പ്രതിനിധികളില്‍ നിന്നും മെത്രാന്മാരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ തയ്യാറാക്കിയത്. അത്തരം ഒരു റിപ്പോര്‍ട്ടിനെ എത്ര ലാഘവത്തോടെയാണ് ഒരു ഡെപ്യൂട്ടി കത്തനാര്‍ തള്ളിക്കളയുന്നത്!
കെസിബിസിക്ക് ഒരു ഡെപ്യൂട്ടി സെക്രട്ടറി മാത്രമേഉള്ളോ
പാലസ്തീനിലെ ഭീകരവാദികള്‍ക്ക് വേണ്ടി ഭീകരര്‍ക്ക് ചേരാത്ത കഫിയാ ധരിച്ചുകൊണ്ട് ഭീകരവാദികളുടെ യോഗത്തില്‍, മെത്രാന്‍സിനഡിന്റെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനം ദുരുപയോഗിച്ച് പങ്കെടുത്തു പ്രസംഗിച്ച ഫാ:തറയന് കേരളത്തിലെ കത്തോലിക്കരുടെയോ ഇതര ക്രൈസ്തവരുടെ പ്രതിനിധി ആകാന്‍ അധികാരമില്ല.
മതാധ്യാപകര്‍ സൗജന്യ സേവകരാണെന്നും അതിന് സര്‍ക്കാര്‍ ആനുകൂല്യം ആവശ്യമില്ലന്നും പറയുന്നവര്‍, ദൈവവിളി സ്വീകരിച്ചവരെന്ന പേരില്‍ പുരോഹിതരായി ശമ്പളവും സൗകര്യങ്ങളും കൈപ്പറ്റി ഉന്നത പദവികളില്‍ സുഖമായി ജീവിക്കുന്ന യാഥാര്‍ത്ഥ്യം മറക്കുകയാണ്. ദൈവത്തിന്റെ സൗജന്യ ദാനമായ കൂദാശകള്‍ക്കും വിവിധ ശുശ്രൂഷകള്‍ക്കും നിശ്ചിതവും അനിശ്ചിതവുമായ തുകകള്‍ കൈപ്പറ്റുന്നവര്‍, വേദപാഠ അധ്യാപകരായ ആല്മായര്‍ എല്ലാം സൗജന്യമായി ചെയ്യണമെന്ന് ആവശൃപ്പെടുന്നത് നൈതികമായ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നുമല്ല.
ലൂക്കാ സുവിശേഷം (16:8) പറയുന്നത് ഓര്‍ക്കാം: ''ഈ ലോകത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.''
ദൈവത്തില്‍ നിന്ന് വെളിച്ചം സ്വീകരിച്ചതായി അവകാശപ്പെടുന്ന ക്രൈസ്തവര്‍, ലോകമനുഷ്യരെക്കാള്‍ ബുദ്ധിശൂന്യരായി മാറുന്നത് എന്തുകൊണ്ട്? പുരോഹിതരെ സേവിക്കുന്നതിന് വേണ്ടി ആത്മീയത പ്രസംഗിച്ചു അവരെ ബുദ്ധിശൂന്യരാക്കിയതാണോ?! ന്യൂനപക്ഷാവകാശം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വരുമാനം നേടാനും, സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിച്ച് അവ സംരക്ഷിക്കാനും സഭാ നേതൃത്വത്തിന് വേണ്ട ബുദ്ധിയുണ്ട്. എന്നാല്‍ ന്യൂനപക്ഷത്തിലെ സാധാരണ വിശ്വാസികളുടെ അവകാശം പുരോഹിത നേതൃത്വം തന്നെ ചോദ്യം ചെയ്യുമ്പോള്‍ അത് ബുദ്ധിശൂന്യതയല്ല സിനാഡാലിറ്റി പ്രസംഗിച്ചു നടക്കുന്നവരുടെ അപാരമായ കുരുട്ടു ബുദ്ധിയാണ്.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗമായിരുന്ന ഫാ. ജെറോം ഡിസൂസ (1897-1977) ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് മതാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ടത്, ആ കാലത്തെ ഭരണഘടനാ ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാല്‍ കാലം മാറി. 2004-ല്‍ രൂപീകരിച്ച രംഗനാഥ കമ്മീഷന്‍ പോലുള്ള സമിതികള്‍ ന്യൂനപക്ഷ ക്രൈസ്തവര്‍ക്കായി സംവരണം ആവശ്യപ്പെട്ടുവെങ്കിലും ഒന്നും നടപ്പായില്ല. ഇന്ന് ക്രൈസ്തവര്‍ പിന്നാക്കാവകാശങ്ങള്‍ക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കേണ്ട അവസ്ഥയിലാണു. അതേസമയം, കൗശലപൂര്‍വ്വം പ്രവര്‍ത്തിച്ച ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായ മുഹമ്മദീയ സമുദായം അവരുടെ ആവശ്യങ്ങളില്‍ ഉറച്ചുനിന്ന് നേടിയെടുക്കുകയും ചെയ്യുന്നു. കേരള സഭയാകട്ടെ സമുദായ ശാക്തീകരണ വര്‍ഷം പ്രഖ്യാപിച്ചാ ബോര്‍ഡ് സ്ഥാപിച്ചു നോക്കിയിരിക്കുന്നു.
വാസ്തവം ഇതാണ്: കേരളത്തിലെ ഒട്ടുമിക്ക രൂപതകളിലും സ്ഥിരം വേദപാഠ അധ്യാപകര്‍ ഇല്ല. രൂപതാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ചുമത്തുന്ന ഒരു നിര്‍ബന്ധിത പരിപാടിയായി മാത്രമാണ് കാറ്റകിസം പലയിടത്തും തുടരുന്നത്. സ്ഥിരം അധ്യാപകരെ നിയമിച്ച് ചിട്ടയായ കാറ്റകെറ്റിക്കല്‍ നടത്താന്‍ ഒരു ക്ഷേമനിധി പദ്ധതി സഹായകരമാകുമായിരുന്നു. അതിനു പകരം, യാതൊരു ചര്‍ച്ചയും കൂടാതെ അധികാരത്തിന്റെ മതിഭ്രമം ബാധിച്ച ഒരു കത്തനാര്, കീഴാള ജീവിതം വിധിച്ച കേരളത്തിലെ ക്രൈസ്തവര്‍ക്ക് എതിരായി തന്നിഷ്ടം പോലെ എടുത്ത മത ഫാസിസമായേ ഇതിനെ കാണാനാവൂ.
ഇങ്ങനെ പോയാല്‍ ജസ്റ്റിസ് കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വാഹാ എന്ന് പറയേണ്ടിവരും.
ആല്‍മായര്‍ക്കായി സംസാരിക്കാന്‍ ആല്‍മായ പ്രതിനിധികള്‍ തന്നെ മുന്നോട്ടുവരാത്ത കാലത്തോളം, സഭയ്ക്കകത്തും പുറത്തും വിശ്വാസികള്‍ക്ക് ഗൗരവപരമായ യാതൊരു പരിഗണനയും ലഭിക്കുകയില്ല എന്നതാണ് കഠിന സത്യം.
ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയില്‍