കനത്തമഴയില്‍ ദുരിതത്തിലായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ സഹായവുമായി കത്തോലിക്ക സഭ

ഷിംല: മേഘവിസ്ഫോടനത്തിനെ തുടര്‍ന്നു ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ദുരിതത്തിലായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ സഹായവുമായി കത്തോലിക്ക സഭ.
തുനാഗ്, ജംഗേലി പ്രദേശങ്ങളില്‍ അടുത്തിടെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ദുരിതബാധിതരായ 210 കുടുംബങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ സംഘടനകള്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിന്നു. സിംല - ചണ്ഡീഗഡ് രൂപതയുടെ സാമൂഹിക സന്നദ്ധ വിഭാഗമായ മാനവ് വികാസ് സമിതിയും കാരിത്താസും ചേര്‍ന്നാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചിരിക്കുന്നത്.
ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച കുടുംബങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാനവ് വികാസ് സമിതി ഡയറക്ടര്‍ ഫാ. ലെനിന്‍ ഹെന്റി പറഞ്ഞു. കനത്ത മഴയും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൈകോര്‍ത്ത് സഭയുടെ സന്നദ്ധപ്രവര്‍ത്തകര്‍ സഹായം വേഗത്തില്‍ എത്തിച്ചിരിന്നു.
പുതപ്പുകള്‍, മെത്തകള്‍, ടോര്‍ച്ചുകള്‍, സാനിറ്ററി ഉപകരണങ്ങള്‍, ടോയ്ലറ്റ് വസ്തുക്കള്‍, മറ്റ് ദൈനംദിന ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന ദുരിതാശ്വാസ കിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയിരിക്കുന്നത്.
വീടുകളും വസ്തുക്കളും നഷ്ടപ്പെട്ട പല ദുരിതബാധിതരും അടിയന്തരമായി സഭ നല്കിയ പിന്തുണയ്ക്ക് നന്ദി അര്‍പ്പിച്ചെന്നും പ്രളയമുണ്ടായതിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ആദ്യ സഹായമാണിതെന്ന് ചിലര്‍ പറഞ്ഞുവെന്നും ഫാ. ലെനിന്‍ ഹെന്റി വെളിപ്പെടുത്തി.
ദുരിതമനുഭവിക്കുന്നവരോടൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ദൗത്യത്തിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി.