ന്യൂയോര്‍ക്കിലെ ദയാവധ നിയമത്തിനെതിരെ കത്തോലിക്കാ സഭയും ഭിന്നശേഷി സംഘടനകളും പ്രതിഷേധത്തില്‍
ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്കില്‍ നടപ്പിലാക്കാന്‍ പോകുന്ന 'മെഡിക്കല്‍ എയിഡ് ഇന്‍ ഡൈയിങ്' അഥവാ ദയാവധ നിയമത്തിനെതിരെ കത്തോലിക്കാ സഭയും ഭിന്നശേഷി അവകാശ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
'ഞങ്ങള്‍ക്ക് വേണ്ടത് പരിചരണമാണ്, ആത്മഹത്യയല്ല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ സംഘടനകള്‍ പ്രതിഷേധ സമരം നടത്തി.
ഓഗസ്റ്റ് അഞ്ചിനാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഫെബ്രുവരിയില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഒപ്പുവച്ച നിയമപ്രകാരം മാറാരോഗമുള്ളവര്‍ക്ക് ജീവനൊടുക്കാനുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാം.
എന്നാല്‍ ഈ നിയമം ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും എതിരായ വിവേചനമാണെന്നും രോഗ പരിചരണത്തിന് പകരം മരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി സംഘടനകള്‍ യു.എസ് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ദയാവധം കത്തോലിക്കാ സഭയുടെ വിശ്വാസങ്ങള്‍ക്കും ധാര്‍മ്മിക തത്വങ്ങള്‍ക്കും എതിരാണെന്നും, ദയാവധ നിയമങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.