ഭിന്നശേഷി വിഷയംമൂലം നിയമനം പാസാകാത്ത അധ്യാപകരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്  ഇടുക്കി രൂപതാ സമിതി

 
teacher

ഇടുക്കി: ഭിന്നശേഷി വിഷയംമൂലം നിയമനം പാസാകാത്ത അധ്യാപകരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്  ഇടുക്കി രൂപതാ സമിതി.


സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ 1996 മുതലുള്ള അധ്യാപക തസ്തികകള്‍ പരിഗണിച്ച് ഭിന്ന ശേഷികാര്‍ക്ക് നിയമനം കൊടുക്കാന്‍ തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകള്‍. യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിക്കുകയും ചെയ്തു.


 ഇനിയുള്ള തസ്തികകളില്‍ യോഗ്യരായ ഭിന്നശേഷിക്കാര്‍  അപേക്ഷിക്കുകയോ സര്‍ക്കാര്‍ കണ്ടെത്തി നിയമനം നടത്തുകയോ ആണ് ചെയ്യേണ്ടത്. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 67 സ്‌കൂളുകളിലായി 32 ഒഴിവുകള്‍   മാറ്റിയിടുകയും 20 പേരെ നിയമിക്കുകയും ചെയ്തു. 


ബാക്കിയുള്ള 12 ഒഴിവുകളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ല എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേജില്‍ നിന്നുള്ള നോണ്‍ അവൈലബിലിറ്റി സര്‍ട്ടി ഫിക്കറ്റില്‍ പറഞ്ഞിട്ടുള്ളത്. ഈ കാരണങ്ങളാല്‍ നിയമനം പാസാകാത്ത  270 അധ്യാപകര്‍ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെയും കീഴില്‍ ഉണ്ട്.


എന്‍എസ്എസ് മാനേജ്മെന്റിന് ലഭിച്ച സുപ്രീംകോടതിവിധി എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കിയാല്‍ ഭിന്നശേഷി പ്രശ്നം വളരെ ലളിതമായി പരിഹരിക്കാവുന്നതാണ്.  ഇത് സാധ്യമാണെന്ന് സുപ്രീംകോടതിയുടെയും ഹൈ ക്കോടതിയുടെയും വിധി പരിശോധിക്കുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. 

പക്ഷേ പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഗൂഢലക്ഷ്യത്തോടെ നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ കൊണ്ട് വിദ്യാഭ്യാസം മേഖലയ്ക്ക് കളങ്കം വരുത്തുന്ന വിദ്യാഭ്യാസ മന്ത്രി കാര്യങ്ങള്‍ പഠിച്ച് ഭിന്നശേഷി സംവരണ വിഷയത്തില്‍ പാസാകാത്ത അധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ ഉത്തരവിടണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഇടുക്കി രൂപതാ സമിതി ആവശ്യപ്പെട്ടു.


 മാനേജ്മെറ്റുകള്‍ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാതെ ക്രൈസ്തവ മാനേജ്മെന്റുകള്‍  ഭിന്നശേഷിക്കാര്‍ക്ക് എതിരാണെന്നുള്ള രീതിയില്‍  പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി നീതിയുടെ പക്ഷത്തു നില്‍ക്കണമെന്ന്  ഇടുക്കി രൂപതാ കാത്തലിക്  ടീച്ചേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.


കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഇടുക്കി രൂപതാ പ്രസിഡന്റ് നോബിള്‍ മാത്യുവിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ജോര്‍ജ് തകിടിയല്‍, ബോബി തോമസ്, എബി എബ്രാഹം, മഞ്ജു തോമസ്, ജോസ്മി ജോസ്, മനേഷ് സ്‌കറിയ, എബിന്‍ സെബാസ്റ്റ്യന്‍, റെന്‍സിമോള്‍ ജേക്കബ്, സ്മിത മാത്യു എന്നിവര്‍ പ്രസംഗിച്ചു.


 

Tags

Share this story

From Around the Web