വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ നിയമത്തിനെതിരെ യുഎസില്‍ പോരാട്ടം തുടര്‍ന്ന് കത്തോലിക്ക സഭ

 
CATHOLICA SABHA


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ (അശൈേെലറ ടൗശരശറല) നിയമങ്ങള്‍ക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി കത്തോലിക്ക സഭാനേതൃത്വവും സന്യാസിനീ സമൂഹങ്ങളും.

 രോഗികളുടെ ജീവനൊടുക്കാന്‍ കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച കത്തോലിക്ക ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാനായി നല്‍കിയ ഹര്‍ജികളില്‍ ന്യൂയോര്‍ക്ക്, ഇല്ലിനോയി സംസ്ഥാനങ്ങളില്‍ കത്തോലിക്ക സഭയ്ക്ക് ഫെഡറല്‍ കോടതികളില്‍ നിന്ന് നിര്‍ണായകമായ ഇടക്കാല ആശ്വാസം ലഭിച്ചു.

ന്യൂയോര്‍ക്കില്‍ റോക്ക്വില്‍ സെന്റര്‍ ബിഷപ്പ് ജോണ്‍ ബാരസും നാല് സന്യാസിനീ സമൂഹങ്ങളും നല്‍കിയ ഹര്‍ജിയില്‍, അന്തിമ വിധി വരുന്നതുവരെ പുതിയ ആത്മഹത്യാ നിയമം നടപ്പിലാക്കുന്നത് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആന്‍ നാര്‍ഡാച്ചി തടഞ്ഞിരിന്നു. 

ഇല്ലിനോയിയില്‍ സ്പ്രിംഗ്ഫീല്‍ഡ് ബിഷപ്പ് തോമസ് പാപ്‌റോക്കി, ക്രിസ്ത്യന്‍ ഡോക്ടര്‍മാര്‍, ലൂഥറന്‍ കെയര്‍ ഹോം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലും സമാനമായ വിധി ഉണ്ടായി. 

തുടര്‍ന്ന് ഷിക്കാഗോ അതിരൂപതയും ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പുവര്‍ ഉള്‍പ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളും നല്‍കിയ മറ്റൊരു കേസിലും നിയമം നടപ്പിലാക്കുന്നതിന് കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.


അതേസമയം നിയമങ്ങള്‍ ശാശ്വതമായി റദ്ദാക്കണമെന്ന് ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ച് ആവശ്യപ്പെട്ടു. 

സഭയുടെ വിശ്വാസപരമായ പ്രബോധനങ്ങള്‍ അക്രൈസ്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച് സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ ഭരണകൂടം നിര്‍ബന്ധിക്കുന്നത് തടയാനാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ജീവന്‍ നല്‍കുക എന്ന ക്രിസ്തുവിന്റെ സൗഖ്യദായക ദൗത്യമാണ് കത്തോലിക്കാ ആരോഗ്യ ശുശ്രൂഷയുടെ അന്തസ്സത്തയെന്നും, രോഗികള്‍ക്ക് മരണം വിധിക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നത് ഈ ദൗത്യത്തിന് വിരുദ്ധമാണെന്നും ബിഷപ്പ് തോമസ് പാപ്‌റോക്കി ചൂണ്ടിക്കാട്ടി.

ഗുരുതര രോഗങ്ങളുള്ള പ്രായപൂര്‍ത്തിയായവര്‍ക്കായി കൊണ്ടുവരുന്ന ഇത്തരം നിയമങ്ങള്‍ പില്‍ക്കാലത്ത് വിഷാദരോഗം ബാധിച്ച ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും വരെ വ്യാപിപ്പിക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രവണതകളെ സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. 

സഹായത്തോടെയുള്ള ആത്മഹത്യ എന്നത് 'വ്യാജമായ കാരുണ്യം' ആണെന്നും നിയമപരമായതെല്ലാം ധാര്‍മ്മികമായി ശരിയാകണമെന്നില്ലെന്നും പാപ്പ അടുത്തിടെ ഓര്‍മ്മിപ്പിച്ചിരുന്നു. കേസ് നിലവില്‍ ഫെഡറല്‍ കോടതികളിലാണെങ്കിലും ഭാവിയില്‍ യു.എസ് സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. 

( ദൈവീക ദാനമായ മനുഷ്യജീവന്‍ ജനനം മുതല്‍ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്..)

Tags

Share this story

From Around the Web