വധശിക്ഷയ്ക്കെതിരെ കത്തോലിക്കാ ബിഷപ്പുമാരുടെ പ്രതിഷേധം; ഒറ്റദിവസം രണ്ട് വധശിക്ഷകള്‍ നടപ്പാക്കി ഫ്‌ലോറിഡ
മരണശിക്ഷ നിര്‍ത്തലാക്കണമെന്നും സഭയുടെ ധാര്‍മ്മിക നിലപാടുകള്‍ മാനിക്കണമെന്നും കത്തോലിക്കാ ബിഷപ്പുമാര്‍ ആവശ്യപ്പെടുന്നതിനിടെ, അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ഒറ്റദിവസം രണ്ട് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. 1964- ന് ശേഷം ആദ്യമായാണ് ഫ്‌ലോറിഡയില്‍ ഒറ്റദിവസം കൊണ്ട് രണ്ട് പേരുടെ മരണശിക്ഷ നടപ്പിലാക്കുന്നത്.
1987- ല്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജെയിംസ് ഡക്കറ്റ് (68), 1986 ല്‍ മുന്‍ കാമുകിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഡൊമിനിക് ഓച്ചിക്കോണ്‍ ജൂനിയര്‍ (80) എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഫ്‌ലോറിഡയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കൗണ്‍സില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനോട് വധശിക്ഷ നടപ്പാക്കരുതെന്ന് അഭ്യര്‍ഥിച്ച് ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. 'രക്തരഹിതമായ മാര്‍ഗങ്ങളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും സാധിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവന്റെ വിശുദ്ധിയെ മാനിക്കണം' എന്ന് ബിഷപ്പുമാര്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് നല്‍കാവുന്ന അര്‍ഹമായ ശിക്ഷയാണ് വധശിക്ഷയെന്നാണ് കത്തോലിക്കാ വിശ്വാസിയായ ഗവര്‍ണര്‍ ഡിസാന്റിസിന്റെ നിലപാട്. 2026- ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കിയ സംസ്ഥാനമായി ഫ്‌ലോറിഡ മാറിയിരിക്കുകയാണ്.
വധശിക്ഷ മനുഷ്യന്റെ ജീവന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അത് ധാര്‍മ്മികമായി അംഗീകരിക്കാനാകില്ലെന്നുമാണ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട്.