ഗര്‍ഭഛിദ്ര ഉത്തരവില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി
ന്യൂഡൽഹി: 30 ആഴ്‌ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആശങ്ക രേഖപ്പെടുത്തി. ഉത്തരവ് മെഡിക്കൽ ധാർമികതയും ഗർഭസ്ഥശിശുവിൻ്റെ ജീവിക്കാനുള്ള മൗലികാവകാശവും സംബന്ധിച്ച് ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് സിബിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭ്രൂണം ഇത്രയും പുരോഗമിച്ച ഘട്ടത്തിൽ ഗർഭം അവസാനിപ്പിക്കുന്നത് വൈദ്യശാസ്ത്രപരമായി പ്രായോഗികല്ലെന്നുള്ള മെഡിക്കൽ വിദഗ്‌ധരുടെ ഏകകണ്‌ഠമായ അഭിപ്രായത്തിന് കടകവിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മെഡിക്കൽ ബോർഡ് സുരക്ഷിതവും കൂടുതൽ മനുഷ്യത്വപരവുമായ ഒരു ബദൽ നിർദേശിച്ചിരുന്നു.
സാധാരണ പ്രസവം സാധ്യമാക്കുന്നതിന് പ്രസവം ഏതാനും ആഴ്‌ചകൾ മാറ്റിവയ്ക്കണമെന്ന അവരുടെ നിർദേശം പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ദത്തെടുക്കൽ സൗകര്യം ഉൾപ്പെടെ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള സന്നദ്ധത സർക്കാർ പ്രകടിപ്പിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങളും ധാർമികതയും ഉയർത്തിപ്പിടിക്കാനും ഗർഭസ്ഥശിശുവിൻ്റെ ജീവൻ സംരക്ഷിക്കാനും വേണ്ടി ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.