കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കണമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി
കര്‍ണാടകയില്‍ പ്രാബല്യത്തിലുള്ള വിവാദപരമായ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കണമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തെയും വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങളെയും അനാവശ്യമായി വേട്ടയാടാന്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഭാ നേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് നിലവിലെ നിയമം.
വിദ്യാഭ്യാസ, ആരോഗ്യ, ചാരിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വൈദികര്‍ക്കുമെതിരെ പ്രലോഭനം വഴി മതം മാറ്റാന്‍ ശ്രമിച്ചു എന്ന രീതിയില്‍ നിര്‍ഭയം വ്യാജ പരാതികള്‍ നല്‍കാന്‍ ഈ നിയമം വഴിയൊരുക്കുന്നു എന്ന് സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.
കൂടാതെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ക്കും ഈ നിയമം പ്രോത്സാഹനമാകുന്നുണ്ടെന്നും അതിനാല്‍ ഈ നിയമം റദ്ദാക്കണം എന്നും ബിഷപ്പുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സാമൂഹിക സേവന രംഗത്ത് ക്രൈസ്തവ സമൂഹം നല്‍കുന്ന സംഭാവനകളെ മാനിക്കണമെന്നും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ വിവേചനപരമായ നിയമം പിന്‍വലിക്കാന്‍ നിയമസഭയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സഭാനേതൃത്വത്തിന്റെ ആവശ്യം. ആത്മീയവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അന്തരീക്ഷം സംസ്ഥാനത്ത് ഉറപ്പാക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.