മാഞ്ചസ്റ്ററിലെ ആക്രമണം: അപലപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. യഹൂദര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിനഗോഗില്‍ നടന്ന മാരകമായ ആക്രമണത്തെ അപലപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്.
യഹൂദ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തിനും പ്രാര്‍ത്ഥനയ്ക്കും സംഘടന ആഹ്വാനം നല്‍കി. ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ രാവിലെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് സാല്‍ഫോര്‍ഡിലെ ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡ് പ്രസ്താവന പുറത്തിറക്കിയിരിന്നു.
യഹൂദ സമൂഹത്തിനായുള്ള പ്രാര്‍ത്ഥനകളില്‍ പ്രാദേശിക കത്തോലിക്കാ സമൂഹം ഐക്യത്തോടെ നിലകൊള്ളുകയാണെന്നും ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവര്‍ക്കും, ദുരന്തം ബാധിച്ച എല്ലാവര്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തില്‍ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.
വിദ്വേഷവും ഭിന്നതയും വിതയ്ക്കുന്നവര്‍ക്കെതിരെ നമ്മുടെ പൊതു വിശ്വാസ തലങ്ങളില്‍ നാം ഐക്യത്തോടെ തുടരണം. യുകെയിലും ലോകമെമ്പാടും സമാധാനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു.
യഹൂദരുടെ പുണ്യദിനമായ യോം കിപ്പൂര്‍ ദിനത്തിലാണ് മാഞ്ചസ്റ്ററിലെ ക്രമ്പ്‌സാളിലുള്ള ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് പുറത്ത് ഭീകരാക്രമണം നടന്നിരിക്കുന്നത്.