കത്തോലിക്കാ-ആംഗ്ലിക്കൻ സഭകൾ സത്യത്തിലും സ്നേഹത്തിലും സംവാദങ്ങൾ തുടരണം: ലിയോ  പാപ്പാ

 
Papa

ഫ്രാൻസിസ് പാപ്പായുടെയും ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും സമയത്തും, കത്തോലിക്കാസഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നുവെങ്കിലും, പൊതുവായ മാമ്മോദീസ നിലനിൽക്കുന്നതിനാൽത്തന്നെ ക്രിസ്തുവിൽ നാം പരസ്പരം സഹോദരീസഹോദരങ്ങളാണെന്ന് തിരിച്ചറിയുന്നതിൽനിന്ന് നമ്മെ ഒന്നും തടസ്സപ്പെടുത്തരുതെന്ന് ലിയോ  പാപ്പാ. 

ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാർച്ച് 26.ന് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അയച്ച തന്റെ സന്ദേശത്തിലാണ് ഇരുസഭകളും തമ്മിലുള്ള ബന്ധം തുടരേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.

കത്തോലിക്കാസഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ സംവാദങ്ങൾ തുടരണമെന്നാണ് താൻ ശക്തമായി വിശ്വസിക്കുന്നതെന്ന് എഴുതിയ പാപ്പാ, സത്യത്തിലും സ്നേഹത്തിലുമേ നമുക്ക് ഒരുമിച്ച് ദൈവത്തിന്റെ കൃപയും കരുണയും സമാധാനവും കണ്ടെത്താനാകൂ എന്നും, അതുവഴി ലോകത്തിന് അമൂല്യമായ ഈ അനുഗ്രഹങ്ങൾ നൽകാനാകൂ എന്നും അഭിപ്രായപ്പെട്ടു. ക്രൈസ്തവർ ആഗ്രഹിക്കുന്ന ഐക്യം, ലോകം വിശ്വസിക്കേണ്ടതിനായി (യോഹ. 17, 21) പ്രഘോഷിക്കപ്പെടാൻ വേണ്ടിയുള്ളതാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തുവിനെ പ്രഘോഷിക്കുകയെന്ന പൊതുവായ വിളി പൂർത്തിയാക്കാൻ നമ്മുടെ ഭിന്നതകൾ കാരണമാകുന്നുവെങ്കിൽ, അത് ആക്ഷേപകരമായിരിക്കുമെന്ന്, 2024 മെയ് 2-ന് ആംഗ്ലിക്കൻ സഭാനേതൃത്വങ്ങൾലെ ഫ്രാൻസിസ് പാപ്പാ തന്റെ കത്തിലൂടെ ഓർമ്മിപ്പിച്ചത് പരിശുദ്ധപിതാവ് തന്റെ സന്ദേശത്തിൽ പരാമർശിച്ചു. 

അനുരഞ്ജനപ്പെട്ടതും സഹോദര്യപൂർണ്ണമായതും, ഐക്യമുള്ള ക്രൈസ്തവസമൂഹത്തിന്റേതുമായ സാക്ഷ്യത്തിലൂടെയേ സുവിശേഷപ്രഘോഷണം കൂടുതൽ വ്യക്തതയുള്ളതാകൂ എന്ന് പാപ്പാ എഴുതി.

ഏറെ ഭരിച്ച ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ഒരു ശുശ്രൂഷാമേഖലയിലേക്കാണ് കാന്റർബറി ആർച്ച്ബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ ആർച്ച്ബിഷപ് സാറ ഏറ്റെടുക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. 

ആംഗ്ലിക്കൻ സഭൈക്യം എളുപ്പമല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അഭിപ്രായപ്പെട്ട പാപ്പാ, ഇംഗ്ലണ്ടിലെ മാത്രമല്ല, മുഴുവൻ ആംഗ്ലിക്കൻ സഭൈക്യത്തിന്റെയും ഉത്തരവാദിത്വമാണ്, കാന്റർബറി ആർച്ബിഷപ്പെന്ന നിലയിൽ ആർച്ച്ബിഷപ് സാറ സ്വീകരിക്കുന്നതെന്നും എഴുതി.

1966 മാർച്ച് 24-ന് വിശുദ്ധ പോൾ ആറാമൻ പാപ്പായും ആർച്ച്ബിഷപ് മൈക്കിൾ റാംസെയും റോമിൽ വച്ചുനടത്തിയ ചരിത്രപരമായ സമ്മേളനത്തിൽ, ക്രൈസ്തവസ്നേഹത്തിൽ അധിഷ്ഠിതമായി സഹോദര്യബന്ധങ്ങൾ വളർത്തിയെടുക്കാനും, ഇരുവിഭാഗങ്ങളും തമ്മിൽ ദൈവശാസ്ത്രസംവാദങ്ങൾ ആരംഭിക്കാനും തീരുമാനമെടുത്തത് ലിയോ  പാപ്പാ അനുസ്മരിച്ചു. 

എന്നാൽ ഈ എക്യൂമെനിക്കൽ പ്രയാണം അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് നമുക്കേവർക്കും അറിയാമെന്നും പാപ്പാ എഴുതി.

ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ബിഷപ്പായി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, ഡികാസ്റ്ററി സെക്രെട്ടറി അർച്ചബിഷപ് ഫ്‌ളാവിയോ പാചെ തുടങ്ങിയവരും സംബന്ധിച്ചിരുന്നു.

Tags

Share this story

From Around the Web