ഈശോയുടെ ഉത്ഥാനത്തിനായി സമർപ്പിച്ചിരിക്കുന്ന ജപ്പാനിലെ കത്തീഡ്രൽ: ഹോളി റസറക്ഷൻ കത്തീഡ്രൽ

 
Gh

ജപ്പാനിലെ ടോക്കിയോയിലുള്ള കാണ്ട ജില്ലയിലെ സുരുഗഡായി കുന്നിന്മുകളിൽ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന തിരുവുത്ഥാന കത്തീഡ്രൽ അഥവാ ഹോളി റസറക്ഷൻ കത്തീഡ്രൽ ജാപ്പനീസ് ഓർത്തഡോക്സ് സഭയുടെ ആസ്ഥാന മന്ദിരമാണ്. ജപ്പാനിൽ ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിൽ നിർണ്ണായകപങ്കുവഹിച്ച ആർച്ച് ബിഷപ്പ് നിക്കോളാസ് (ജപ്പാനിലെ വി. നിക്കോളാസ്) 1872-ൽ മിഷൻ ആസ്ഥാനത്തിനായി വാങ്ങിയ സ്ഥലത്താണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ‘നിക്കോളാസിന്റെ വീട്’ എന്നർഥം വരുന്ന ‘നിക്കോളായ്-ഡോ’ എന്നാണ് ജപ്പാൻകാർക്കിടയിൽ ഈ കത്തീഡ്രൽ പരക്കെ അറിയപ്പെടുന്നത്.

മോസ്കോയിലെ വാസ്തുശില്പിയായ മൈക്കൽ എ. ഷുരുപോവ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് 1884-ലാണ് കത്തീഡ്രലിന്റെ നിർമ്മാണം ആരംഭിച്ചത്. ക്ലാസിക് ബൈസന്റൈൻ വാസ്തുവിദ്യാ ശൈലിയിൽ, ഏഴ് വർഷമെടുത്താണ് ജാപ്പനീസ് കരകൗശല വിദഗ്ധർ ഇതിന്റെ പണി പൂർത്തിയാക്കിയത്. ഒടുവിൽ 1891 മാർച്ച് 8-ന് കത്തീഡ്രൽ വിശ്വാസികൾക്കായി സമർപ്പിച്ചു. ഇന്നും ജപ്പാനിലെ വിദേശ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി ഈ ദൈവാലയം കണക്കാക്കപ്പെടുന്നു.


കത്തീഡ്രലിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ അധ്യായമായിരുന്നു 1923 സെപ്റ്റംബറിൽ ഉണ്ടായ ഗ്രേറ്റ് കാന്റോ ഭൂകമ്പം. ഭൂകമ്പത്തിൽ ദൈവാലയത്തിന്റെ പ്രധാന മണി ഗോപുരം താഴികക്കുടത്തിന് മുകളിലേക്ക് വീഴുകയും കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പിന്നാലെയുണ്ടായ അഗ്നിബാധയിൽ പള്ളിയുടെ ഉൾഭാഗവും ഐക്കണോസ്റ്റാസിസും പൂർണ്ണമായും നശിക്കുകയും ചെയ്തു. വിശുദ്ധ നിക്കോളാസിന്റെ മരണശേഷം സഭയുടെ ചുമതലയേറ്റ ആർച്ച് ബിഷപ്പ് സെർജിക്ക് (തിഖോമിറോവ്) തകർന്ന കത്തീഡ്രൽ പുനർനിർമ്മിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. റഷ്യയിൽ നിന്ന് അക്കാലത്ത് സാമ്പത്തിക സഹായം ലഭ്യമല്ലാതിരുന്നതിനാൽ, ജപ്പാനിൽ നിന്ന് തന്നെ പണം കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ വിക്ടർ എ. പോക്രോവ്സ്കിയുടെ നേതൃത്വത്തിലുള്ള കത്തീഡ്രൽ ഗായകസംഘം നിരവധി കച്ചേരികൾ നടത്തിയാണ് പുനർനിർമ്മാണത്തിനാവശ്യമായ തുക സമാഹരിച്ചത്.

ജാപ്പനീസ് വാസ്തുശില്പിയായ ഷിനിറ്റോ ഒകാഡയുടെ മേൽനോട്ടത്തിൽ പുനർനിർമ്മിച്ച കത്തീഡ്രൽ 1929 ഡിസംബർ 15-ന് വീണ്ടും തുറന്നു കൊടുത്തു. പഴയതിനേക്കാൾ അല്പം മാറ്റം വരുത്തിയ താഴികക്കുടവും ചെറിയ മണി ഗോപുരവും അലങ്കാരപ്പണികളാൽ സമ്പന്നമായ ഇന്റീരിയറുമാണ് പുനർനിർമ്മിച്ച പള്ളിയുടെ പ്രത്യേകതകൾ. 1960-കൾ വരെ ടോക്കിയോ നഗരത്തിലെയും ഇമ്പീരിയൽ കൊട്ടാര പരിസരത്തെയും ഏറ്റവും തലയെടുപ്പുള്ള കെട്ടിടമായിരുന്നു നിക്കോളായ്-ഡോ. എന്നാൽ ഇന്ന് നഗരത്തിൽ വളർന്നു പന്തലിച്ച കൂറ്റൻ അംബരചുംബികൾക്കിടയിൽ ഈ ചരിത്രസ്മാരകം മറഞ്ഞിരിക്കുന്നുണ്ടെങ്കിലും, ജപ്പാനിലെ വിശ്വാസികളുടെ ഹൃദയത്തിൽ ഇതിന്റെ ആത്മീയ പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല.

Tags

Share this story

From Around the Web