പറ്റുമെങ്കില്‍ പിടിക്കൂ; ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

 
ARJUN AYANKI

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പോലീസിനെയും തുറന്നുകാട്ടി സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളി മുഴക്കിയ ഒളിവിലുള്ള പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ കേരള പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. 

മൂവാറ്റുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ഹൈപ്രൊഫൈല്‍ കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കി കുറച്ചുകാലമായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. 

പ്രതിയെ കണ്ടെത്താനായി കൊച്ചിയും സമീപ ജില്ലകളും കേന്ദ്രീകരിച്ച് പോലീസ് വ്യാപകമായ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൊച്ചിയില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

 പ്രതിയുടെ അടുത്ത സുഹൃത്തുക്കളെയും മറ്റ് രഹസ്യ ബന്ധങ്ങളെയും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


പോലീസിനെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് അര്‍ജുന്‍ ആയങ്കി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് പോലീസ് നടപടി വേഗത്തിലാക്കാന്‍ കാരണം. ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റ് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

 താനും സുഹൃത്തുക്കളും ഉള്‍പ്പെട്ട കേസ് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു അര്‍ജുന്റെ വെല്ലുവിളി. 

പുനരന്വേഷണത്തിലൂടെ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, കേസില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ കോതമംഗലം സിഐ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്തുകയും താന്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് പൊന്നാട അണിയിക്കുമെന്നും ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

താന്‍ വളര്‍ന്ന പാര്‍ട്ടി വേറെയാണെന്നും പോലീസിന്റെ വിരട്ടലുകള്‍ക്കൊന്നും വഴങ്ങില്ലെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ഏതായാലും പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ ഊര്‍ജിത തിരച്ചിലാണ് നിലവില്‍ പുരോഗമിക്കുന്നത്.

Tags

Share this story

From Around the Web