മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വൈദികനെതിരായ കേസ്; സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. വിനീത് വിന്‍സെന്റ് പെരേരയ്ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത ക്രിമിനല്‍ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വൈദികനാണ് ഫാ. പെരേര.
ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു, പൊതുസമാധാനം തകര്‍ത്തു തുടങ്ങിയ കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ചില തീവ്രവര്‍ഗീയ സംഘടനകളുടെ നോട്ടപ്പുള്ളിയാണ് ഫാ. പേരേര. മതപരിവര്‍ത്തനം ആരോപിച്ച് 2018 നവംബറില്‍ മൗ ജില്ലയിലെ ഗോഹാനയിലുള്ള ഇദ്ദേഹത്തിന്റെ ഭവനത്തില്‍ തീവ്ര വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പ്രതികരിച്ച ഫാ. പെരേര തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നു വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.