ഗാസ ദുരന്തത്തില്‍ കാരിത്താസ് സംഘടന ദുഃഖം രേഖപ്പെടുത്തി

ഗാസ: ഗാസയിലെ തിരുക്കുടുംബ ദേവാലയത്തില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര കാരിത്താസ് സംഘടന അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
സ്‌ഫോടന സമയത്ത് മുറ്റത്തുണ്ടായിരുന്ന ഇടവകയിലെ ശുചീകരണ തൊഴിലാളിയായിരുന്ന സാദ് സലാമെ (60), കാരിത്താസ് സംഘടനയുടെ മാനസിക ആരോഗ്യ സമൂഹത്തിലെ അംഗമായ ഫുമയ്യ അയ്യാദ് (84), ഫുമയ്യയുടെ അടുത്തുണ്ടായിരുന്ന നജ്വ അബു ദാവൂദ് (69) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ അല്‍-മമദാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിജീവനത്തിനായി ദേവാലയത്തില്‍ അഭയം പ്രാപിച്ചവര്‍ക്കു നേരെ നടന്ന ആക്രമണം ഹൃദയഭേദകമാണെന്നു സംഘടനയുടെ വാര്‍ത്താക്കുറിപ്പില്‍ പ്രത്യേകം പറഞ്ഞു. ജീവിതത്തിന്റെ പവിത്രതയെയും, ജീവനുകളെ സംരക്ഷിക്കുന്ന ഇടങ്ങളെയും ബഹുമാനിക്കണമെന്നും കുറിപ്പില്‍ അടിവരയിട്ടു.
സമീപ പ്രദേശങ്ങളിലെ ശക്തമായ ഷെല്ലാക്രമണവും സൈനിക നടപടികളും പ്രദേശത്തെ കൂടുതല്‍ അപകടകരമാക്കിയതിനാല്‍, ആക്രമണത്തില്‍ പരിക്കേറ്റ ഇടവക വികാരി ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലി കഴിഞ്ഞ ഒരാഴ്ചയായി ആളുകളോട് മുറികള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു.
വീടിനുള്ളില്‍ തന്നെ കഴിയാന്‍ മുന്നറിയിപ്പ് നല്‍കിയില്ലായിരുന്നെങ്കില്‍ ഇന്ന് നമുക്ക് 50 മുതല്‍ 60 വരെ ആളുകളെ നഷ്ടപ്പെടുമായിരുന്നുവെന്നും, അതൊരു കൂട്ടക്കൊലയാകുമായിരുന്നുവെന്നും കാരിത്താസ് സംഘടന പറഞ്ഞു.
കാരിത്താസ് സംഘടനയില്‍ സന്നദ്ധ സേവനം നടത്തുന്ന നിരവധിയാളുകള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെന്നതും വേദനാജനകമാണ്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ആവശ്യപ്പെടുന്നതുപോലെ, ആരാധനാലയങ്ങളെയും മാനുഷിക അഭയകേന്ദ്രങ്ങളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും സംഘടനാ ആവശ്യപ്പെട്ടു.