ദുര്‍ബലരോടും പാവപ്പെട്ടവരോടുമുള്ള കരുതല്‍ ദൈവകരുണയുടെ പ്രകടനം: ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: കത്തോലിക്കാജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞും, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും നല്‍കുന്ന സേവനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ചും ലിയോ പതിനാലാമന്‍ പാപ്പാ.
ദൈവസ്‌നേഹത്തിന്റെ പ്രകടനമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന്, കത്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ തല്പരരായ സ്ഥാപനങ്ങളുടെയും ദാതാക്കളുടെയും സംഘടനയായ 'ഫാദിക' യുടെ സ്ഥാപനത്തിന്റെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഈ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അലെക്‌സിയ കെല്ലിക്ക് മാര്‍ച്ച് 12-ന് അയച്ച തന്റെ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് എഴുതി.
സഭ കത്തോലിക്കരെ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ഒപ്പം കാരുണ്യപ്രവൃത്തികള്‍ക്കും ആഹ്വാനം ചെയ്യുന്ന വലിയനോമ്പുകാലത്താണ് ഫാദിക സംഘടനയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കപ്പെടുന്നതെന്ന് അനുസ്മരിച്ച പാപ്പാ, വിവിധ വത്തിക്കാന്‍ ഡികാസ്റ്ററികള്‍ക്കും കത്തോലിക്കാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നല്‍കുന്ന സഹായസഹകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.
നല്ല സമരിയക്കാരന്റെ മാതൃകയില്‍ അയല്‍ക്കാര്‍ക്ക് സഹായമേകാനാണ് ക്രിസ്തുവിന്റെ ഉദ്‌ബോധനങ്ങള്‍ നമ്മെ ക്ഷണിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഈയൊരു ശൈലിയെ ദൈവത്തിന്റെ സാമീപ്യത്തിന്റെയും സഹാനുഭൂതിയുടെയും ആര്‍ദ്രസ്‌നേഹത്തിന്റെയും ശൈലിയായാണ് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ചിരുന്നതെന്ന് അനുസ്മരിച്ചു.
'ദിലെക്‌സിത് തെ'യിലെ (26) തന്റെ തന്നെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട്, അയല്‍ക്കാരന് നല്‍കുന്ന സ്‌നേഹം ദൈവകരുണയുടെ പ്രതിഫലനമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
നമുക്ക് തിരികെ ഒന്നും തരാനാകാത്തവര്‍ക്ക് സഹായമേകുമ്പോള്‍ നാം ദൈവത്തിന്റെ ഉപകരണങ്ങളായി മാറുകയാണെന്ന് പാപ്പാ വിശദീകരിച്ചു.
ദൈവികകരുണയുടെ സന്ദേശം നല്‍കുന്ന കാരുണ്യപ്രവൃത്തികള്‍ കുറവില്ലാതെ തുടരാന്‍ ഫാദിക അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
പരിശുദ്ധ അമ്മയുടെ പ്രാര്‍ത്ഥനാസഹായത്തിന് സംഘടനാംഗങ്ങളെ സമര്‍പ്പിച്ച പരിശുദ്ധ പിതാവ് ഏവര്‍ക്കും തന്റെ അപ്പസ്‌തോലിക ആശീര്‍വാദം നേരുകയും ചെയ്തു.
'കാരുണ്യപ്പണം' ജീവകാരുണ്യപ്രവര്‍ത്തനം തുടങ്ങിയ പേരുകളില്‍ പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും, അത്തരം ആളുകള്‍ക്ക് ശുശ്രൂഷ ചെയ്യുന്നവര്‍ക്കും സഹായമേകുന്ന കത്തോലിക്കാ ഫിലാന്ത്രോപിക് ശൃംഖലയാണ് ഫാദിക.