“പ്രായപൂർത്തിയാകാത്തവരുടെയും സമൂഹത്തിലെ ദുർബലരുടെയും സംരക്ഷണം സഭയ്ക്കുള്ള ആഹ്വാനവും വെല്ലുവിളിയും" - ലിയോ പതിനാലാമൻ പാപ്പാ

 
Papa1234

ഏറ്റവും ചെറിയവരുടെയും ഏറ്റവും ദുർബലരുടെയും സാന്നിധ്യം സഭയുടെ മനസ്സാക്ഷിയെ വെല്ലുവിളിക്കുന്നുവെന്നും അതിനാൽ, അവരെ സംരക്ഷിക്കുവാനും,  ശ്രവിക്കുവാനും, പരിചരിക്കുവാനും, ഒറ്റപെടുത്താതിരിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട്, പ്രായപൂർത്തിയാകാത്തവരുടെയും സമൂഹത്തിലെ ദുർബലരായവരുടെയും  സംരക്ഷണത്തെക്കുറിച്ചുള്ള ഇറ്റാലിയൻ മെത്രാൻ സമിതിയുടെ  സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.

ക്രിസ്തീയ ദർശനത്തിൽ, മനുഷ്യാന്തസ്സിനോടുള്ള ബഹുമാനം എന്നത് കേവലം മര്യാദ മാത്രമല്ല,  മറിച്ച് നമ്മിൽ നിന്നും ദൈവം ആവശ്യപ്പെടുന്ന സ്നേഹമാണെന്നും; മറ്റുള്ളവരെ സംരക്ഷിക്കുന്നതിലും, ആധിപത്യം സ്ഥാപിക്കാതെ കൂടെ  ആയിരിക്കുന്നതിലും ,  അപമാനിക്കാതെ ശുശ്രൂഷിക്കുന്നതിലും  അത് പ്രകടമാകണമെന്നും സന്ദേശത്തിൽ എടുത്തു പറയുന്നു.

ബഹുമാനത്തിന്റെ അഭാവം ബന്ധങ്ങളെ ശിഥിലമാക്കുകയും  വിരൂപമാക്കുകയും  ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുകയും ചെയ്യുമെന്നു  പാപ്പാ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ദുരുപയോഗത്തിനു ഇരകളാകുന്നവരുടെ  രൂപീകരണം,  സംഘാടനം, വിദ്യാഭാസം  എന്നിവ പ്രോത്സാഹിപ്പിക്കുന്നവരുടെ പ്രവർത്തനം,  കൂടുതൽ സ്വാഗതാർഹവും, പുരോഗതിക്ക് സമൂഹത്തിൽ  വിലപ്പെട്ട സംഭാവനകൾ  നൽകുന്നതുമാണെന്നും  പാപ്പാ കൂട്ടിച്ചേർത്തു. ദുരുപയോഗത്തിന്റെ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക്  പ്രത്യേക പരിഗണന അനിവാര്യമാണ്. അവരുടെ മുറിവുകൾ  സൗഖ്യപ്പെടുത്തുവാൻ  സത്യസന്ധമായ സമീപനവും വിനയപൂർവ്വമായ ശ്രവണവും നീതിയും  സ്ഥിരതയുള്ള പരിശ്രമവും ആവശ്യപ്പെടുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

അപകീർത്തി ഭയന്ന് തിന്മകളെ ലഘൂകരിക്കുകയോ, വേദനിക്കുന്നവരുടെ  ദുരിതങ്ങളെ മറച്ചുവയ്ക്കുകയോ ചെയ്യാതെ  അത് ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കണമെന്നും, അങ്ങനെ, സത്യത്തിന്റെയും നീതിയുടെയും സൗഖ്യത്തിന്റെയും  പാതകൾ സ്വീകരിക്കുമ്പോഴാണ് ഒരു ക്രൈസ്തവ  സമൂഹം സുവിശേഷമനുസരിച്ച്  ജീവിക്കുന്നതെന്നും  പാപ്പാ  വിശദീകരിച്ചു. 

 ഈ സമ്മേളനം  കർമ്മപദ്ധതികൾക്കപ്പുറം, സുവിശേഷകേന്ദ്രികൃതമായ കരുതലിന്റെ  സവിശേഷമായ ഒരു സംസ്കാരത്തിൽ വളരാൻ   സഭയെ വിളിക്കുന്നുവെന്നു പാപ്പാ അടിവരയിട്ടു.  സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് എല്ലാവിധമായ പിന്തുണയും അറിയിച്ച പാപ്പാ   ആത്മവിശ്വാസത്തോടെ തുടർപ്രവർത്തനങ്ങളിൽ പങ്കു ചേരാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും അങ്ങനെ, ഇറ്റാലിയൻ രൂപതകൾ  ഏറ്റവും ദുർബലരായവരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇടങ്ങളാകട്ടെയെന്ന  പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web