സമാധാന ദൂതുമായി കർദിനാൾ സുപ്പി വീണ്ടും ഉക്രെയ്നിൽ; തടവുകാരെ സന്ദർശിച്ച് പ്രത്യാശ പകർന്നു
 

 
233333

കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് മാനുഷികമായ പരിഹാരം ലക്ഷ്യമിട്ട് വത്തിക്കാൻ പ്രത്യേക ദൂതൻ കർദിനാൾ മത്തെയോ മരിയ സുപ്പി ഉക്രെയ്നിൽ സന്ദർശനം ആരംഭിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ലിവീവ് മേഖലയിലെ തടങ്കൽ പാളയം സന്ദർശിച്ചാണ് ദൗത്യത്തിന് തുടക്കം കുറിച്ചത്.

റഷ്യൻ സൈന്യത്തിനായി പോരാടുന്നതിനിടെ ഉക്രെയ്ന്റെ പിടിയിലായ വിദേശ തടവുകാർ പാർക്കുന്ന കേന്ദ്രത്തിലാണ് കർദിനാൾ എത്തിയത്. ലിയോ പാപ്പായുടെ പ്രത്യേക സമാധാന സന്ദേശവും പ്രാർത്ഥനയും അദ്ദേഹം തടവുകാർക്ക് കൈമാറി. അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള തടവുകാരുമായി കർദിനാൾ നേരിട്ട് സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിയുകയും ചെയ്തു. 

ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ അവരുമായി സംസാരിച്ച കർദിനാൾ അവരുടെ പ്രയാസങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട 25 വയസുള്ള ഒരു യുവാവിനെ ആശ്വസിപ്പിച്ച കർദിനാൾ എത്രയും വേഗം കൃത്രിമക്കാൽ വെക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.

ക്യാമ്പിലെ ചാപ്പലിൽ നടന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത അദേഹം ദുരിതകാലത്തും ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുതെന്ന് തടവുകാരെ ആഹ്വാനം ചെയ്തു. യുദ്ധത്തിൽ പരിക്കേറ്റ തടവുകാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും കർദിനാൾ ഉറപ്പുനൽകി.

യുദ്ധം ആരംഭിച്ച ശേഷം കർദിനാൾ സുപ്പി നടത്തുന്ന രണ്ടാമത്തെ പ്രധാന സമാധാന ദൗത്യമാണിത്. യുദ്ധത്തിൽ റഷ്യയിലേക്ക് നാടുകടത്തപ്പെട്ട ഉക്രേനിയൻ കുട്ടികളെ തിരികെ എത്തിക്കുക, തടവുകാരുടെ കൈമാറ്റം സുഗമമാക്കുക, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലെത്തിക്കുക തുടങ്ങിയ മാനുഷിക ആവശ്യങ്ങൾക്ക് മുൻഗണന നൽകിയാണ് വത്തിക്കാൻ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. 

ആഗോളതലത്തിൽ സമാധാനം പുനസ്ഥാപിക്കാൻ വത്തിക്കാൻ നടത്തുന്ന ഇടപെടലുകളിൽ ഏറെ നിർണ്ണായകമാണ് കർദിനാൾ സുപ്പിയുടെ ഈ സന്ദർശനം.

Tags

Share this story

From Around the Web