ജെറുസലേമിലെ ഈശോയുടെ ശവകുടീര ദൈവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകി കർദിനാൾ പിസബല്ല

 
Cardinal pisabella

വിശുദ്ധ ശവകുടീര ദൈവാലയത്തിലെ ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി ജെറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. 

ക്രിസ്തുവിന്റെ ഉയിർപ്പ് നമ്മുടെ സങ്കൽപങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമാണെന്ന് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

“നാം അവനെ എവിടെയാണോ വച്ചിരുന്നത് അവിടെയല്ല ഉയിർത്തെഴുന്നേറ്റവൻ ഉള്ളത്. പലപ്പോഴും നാം ദൈവത്തെ നമ്മുടെ വേദനകളിലോ, നിരാശകളിലോ മാത്രം തളച്ചിടാൻ ശ്രമിക്കാറുണ്ട്.

എന്നാൽ, ക്രിസ്തു എല്ലാ തടസ്സങ്ങളെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. മരണത്തിനും വിദ്വേഷത്തിനും അവനെ തളച്ചിടാനാവില്ലെന്ന് ശൂന്യമായ കല്ലറ ലോകത്തോട് വിളിച്ചുപറയുന്നു.”

യുദ്ധവും സംഘർഷങ്ങളും തകർത്ത വിശുദ്ധനാട്ടിലെ നിലവിലെ സാഹചര്യങ്ങളെ മുൻനിർത്തിയായിരുന്നു പാത്രിയർക്കീസിന്റെ സന്ദേശം.


വിശുദ്ധനാട്ടിൽ സമാധാനം പുലരാൻ പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന് കർദിനാൾ ഓർമ്മിപ്പിച്ചു. പഴയ പകപോക്കലുകളിൽ നിന്നും വിദ്വേഷങ്ങളിൽ നിന്നും മാറി, ഉയിർത്തെഴുന്നേറ്റ ക്രിസ്തു നൽകുന്ന പ്രത്യാശയുടെ വെളിച്ചത്തിൽ പരസ്പരം അംഗീകരിക്കാൻ വിശ്വാസികൾ തയ്യാറാകണം.

 ഭയത്തിനുമേൽ സ്നേഹം വിജയം വരിച്ച ദിനമാണിത്. നിരാശയുടെ ഇരുട്ടിൽ കഴിയുന്നവർക്ക് ഈ ഉയിർപ്പ് പുതിയ ജീവൻ നൽകുന്നുവെന്നും കർദിനാൾ പറഞ്ഞു.

കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി തീർഥാടകർ ജെറുസലേമിലെ ചടങ്ങുകളിൽ പങ്കെടുത്തു. 

യുദ്ധം മൂലമുള്ള യാത്രാതടസ്സങ്ങൾക്കിടയിലും പ്രാദേശിക ക്രിസ്ത്യൻ സമൂഹം പ്രാർഥനകളിൽ സജീവമായി.

സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം ജെറുസലേമിൽ നിന്ന് ലോകം മുഴുവൻ പടരട്ടെയെന്നും പാത്രിയർക്കീസ് ആശംസിച്ചു.

Tags

Share this story

From Around the Web