ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി കര്‍ദിനാള്‍ പിസബല്ല
നീതി, സമാധാനം, അന്തര്‍മത സംവാദം എന്നിവയ്ക്കായുള്ള സമര്‍പ്പണം മുന്‍നിര്‍ത്തി ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസായ കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആദരിച്ചു. ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ 'ലീജണ്‍ ഓഫ് ഓണര്‍' (Legion of Honor) ഓഫീസര്‍ പദവിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
ജൂണ്‍ ഒമ്പതിന് പാരീസിലെ എലീസി കൊട്ടാരത്തില്‍ വച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ ഫ്രഞ്ച് രാഷ്ട്രീയ-സഭാ നേതാക്കളുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്കായി കര്‍ദിനാള്‍ നല്‍കിയ അശ്രാന്ത സേവനങ്ങളെ ചടങ്ങില്‍ പ്രസിഡന്റ് മാക്രോണ്‍ പ്രത്യേകം പ്രശംസിച്ചു. പ്രസിഡന്റ് മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന കഠിനമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് കര്‍ദിനാള്‍ പിസബല്ല ആശങ്ക രേഖപ്പെടുത്തി.
വര്‍ധിച്ചുവരുന്ന അക്രമങ്ങളും വ്യക്തമായ രാഷ്ട്രീയ ദൂരക്കാഴ്ചകളുടെ അഭാവവും മേഖലയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള രാഷ്ട്രീയ അസ്ഥിരത പ്രാദേശിക ജനവിഭാഗങ്ങളുടെ സുരക്ഷിതത്വമില്ലായ്മ വര്‍ധിപ്പിക്കുകയാണെന്നും ഭാവിയെക്കുറിച്ചുള്ള വലിയൊരു അനിശ്ചിതത്വത്തിലേക്കാണ് ഇത് ജനങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.