യുദ്ധം അവസാനിപ്പിക്കണം: അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ള കര്‍ദ്ദിനാള്‍ പരൊളീന്റെ സന്ദേശം

 
cardinal parolin



മദ്ധ്യപൂര്‍വദേശങ്ങളിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കാനാകും, അമേരിക്കന്‍ പ്രസിഡന്റിനെ കണ്ടുമുട്ടിയാല്‍ താന്‍ ആവശ്യപ്പെടുകയെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍. 

ലിയോ പതിനാലാമന്‍ പാപ്പായുമായ് ബന്ധപ്പെട്ട ഒരു പുസ്തകപ്രകാശനത്തിന്റെ ഭാഗമായി മാര്‍ച്ച് 18-ന്  റോമിലെ ലെജിസ്‌ളേറ്റീവ് അസ്സംബ്ലിയില്‍ വച്ചുനടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരില്‍ കണ്ടാല്‍ എന്താകും പറയുക എന്ന ചോദ്യത്തിന് ഉത്തരം നല്കവേ, യുദ്ധം രൂക്ഷമാകാനുള്ള അപകടസാധ്യത തൊട്ടുമുന്നിലായതിനാല്‍ യുദ്ധം കഴിയുന്നതും വേഗം അവസാനിപ്പിക്കണമെന്നും ലെബനനെ വെറുതെ വിടണമെന്നുമാകും താന്‍ ആവശ്യപ്പെടുകയെന്ന് വത്തിക്കാന്‍ നയതന്ത്രജ്ഞന്‍ കൂടിയായ കര്‍ദ്ദിനാള്‍ പരൊളീന്‍ പ്രസ്താവിച്ചു.

ഇസ്രായേല്‍ക്കാര്‍ക്കുള്ള തന്റെ സന്ദേശവും ഇതുതന്നെയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ളതോ ഉണ്ടെന്ന് അവര്‍ കരുതുന്നതോ ആയ പ്രശ്നങ്ങള്‍ എന്തുതന്നെയായാലും, നയതന്ത്രത്തിന്റെയും സംവാദത്തിന്റെയും സമാധാനപൂര്‍ണമായ പാതയിലൂടെ അവ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.

'ലിയോ പതിനാലാമന്‍: ഞാനാരാണെന്നാണ് നിങ്ങള്‍ പറയുക? ഞാന്‍ വിശുദ്ധ അഗസ്റ്റിന്റെ പുത്രനാണ്' എന്ന പേരില്‍, വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇഞ്ഞാസ്യോ ഇന്‍ഗ്രാവോ, അഗസ്റ്റീനിയന്‍ സഭാംഗം ഫാ. ജ്യുസേപ്പേ പഗാനോ എന്നിവര്‍ ചേര്‍ന്ന് എഴുതി, കാന്തഗാല്ലി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ച അവസരത്തിലായിരുന്നു, കൂടുതല്‍ സങ്കീര്‍ണ്ണമായി വളര്‍ന്നുവരുന്ന മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ സംഘര്‍ഷങ്ങളെക്കുറിച്ച് കര്‍ദ്ദിനാള്‍ സംസാരിച്ചത്.

വടക്കേ അമേരിക്കയില്‍നിന്നുള്ള പ്രഥമ പാപ്പായായ ലിയോ പതിനാലാമനൊപ്പമുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഏറെ എളുപ്പമുള്ളതാണെന്നും തങ്ങള്‍ ഇരുവരും തമ്മില്‍ നല്ല രീതിയിലുള്ള സംവാദങ്ങളും ആശയകൈമാറ്റങ്ങളും നടക്കുന്നുണ്ടെന്നും നല്ലൊരു ബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു.

Tags

Share this story

From Around the Web