ഗാസയിലെ പ്രശ്‌നപരിഹാരത്തിന് സംഭാഷണം അനിവാര്യം:കര്‍ദ്ദിനാള്‍ പരോളിന്‍

ഗാസയില്‍ സംജാതമായിരിക്കുന്ന ഭീകരവും ദുരന്തപൂര്‍ണ്ണവുമായ അവസ്ഥയ്ക്ക് അവസാനമുണ്ടാകുന്നതിന് സംഭാഷണം പുനരാരംഭിക്കേണ്ടത് അടിയന്തിരപ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.
ഇക്കഴിഞ്ഞ വാരത്തില്‍ ഇസ്രായേലിന്റെ പ്രസിഡന്റ് ഇസാക്ക് ഹെര്‍ത്സോഗ് ലിയൊ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ സിര്‍ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇതു പറഞ്ഞത്.
പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മില്‍ നിലവില്‍ സംഭാഷണമില്ലെന്നും എന്നാല്‍ ഇത് പുനരാരംഭിക്കണം എന്ന കാര്യത്തില്‍ പരിശുദ്ധസിംഹാസനത്തിന് നിര്‍ബന്ധമുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. പരിശുദ്ധസിംഹാസനത്തിന്റെ സ്വരം അന്താരാഷ്ട്രസമൂഹത്തിന്റെതിനോടു ഒന്നുചേര്‍ന്ന് ഫലം പുറപ്പെടുവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഉക്രൈനിലെ അവസ്ഥയെക്കുറിച്ചു പരാമര്‍ശിക്കവെ, അവിടെയും സുരക്ഷിതത്വം ഉറപ്പുനല്കണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. സംഭാഷണത്തിന്റെ ആവശ്യകതയും കര്‍ദ്ദിനാള്‍ പരോളിന്‍ എടുത്തുകാട്ടി. മാദ്ധ്യസ്ഥ്യം വഹിക്കാന്‍ വത്തിക്കാന്‍ തയ്യാറാണെന്ന ലിയൊ പതിനാലാമന്‍ പാപ്പായുടെ വാഗ്ദാനവും അദ്ദേഹം അനുസ്മരിച്ചു.