ഗാസയില്‍ അരങ്ങേറുന്ന ദുരന്തത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പരോളിന്‍ ആശങ്ക പ്രകടിപ്പിച്ചു

 
vatican 1

വത്തിക്കാന്‍: വലിയ യുദ്ധത്തിനുള്ള' സാധ്യതയില്‍ ആശങ്കകള്‍ അറിയിച്ചു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ സംസാരിച്ചു. 'സമാധാനത്തിന്റെ ലോകത്തിനായി സൃഷ്ടിയും, പ്രകൃതിയും, പരിസ്ഥിതിയും' എന്ന വിഷയത്തില്‍ വത്തിക്കാനില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംബന്ധിച്ച അദ്ദേഹം, തുടര്‍ന്ന്, പോളിഷ് വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് ആശങ്കകള്‍ പങ്കുവച്ചത്. 

ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പുള്ളതിന് സമാനമായ പിരിമുറുക്കത്തെക്കുറിച്ച് സംസാരിച്ച റിപ്പബ്ലിക് ഓഫ് ഇറ്റാലിയന്‍ പ്രസിഡന്റ്  സെര്‍ജോ മത്തരെല്ലയുടെ വിശകലനവും അദ്ദേഹം എടുത്തുപറഞ്ഞു. 

ഈ ഒരു സാഹചര്യത്തില്‍, സ്വീകരിച്ച പാതകളെ കുറിച്ചുള്ള ഒരു പുനര്‍വിചിന്തനം നടത്തുന്നില്ലെങ്കില്‍, ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മധ്യപൂര്‍വദേശത്തെ യുദ്ധത്തെക്കുറിച്ചും ഗാസയില്‍ അരങ്ങേറുന്ന ദുരന്തത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ പരോളിന്‍ ആശങ്ക പ്രകടിപ്പിച്ചു. കത്തോലിക്കാ സഭയും ലത്തീന്‍  പാത്രിയര്‍ക്കീസായ കര്‍ദ്ദിനാള്‍ പിറ്റ്‌സബല്ലയും ഉള്‍പ്പെടെയുള്ളവര്‍  നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും, മുനമ്പിലെ ഇസ്രായേലി സംഘര്‍ഷം അവസാനിക്കുന്നില്ലയെന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.


 അതേസമയം ഗാസയിലെ തിരുക്കുടുംബ ദേവാലയത്തില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ മാനസിക പ്രതിരോധശേഷി പ്രശംസനീയമെന്നും, അവര്‍ യുദ്ധത്തിന് വഴങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ സിംഹാസനം അതിന്റെ നയതന്ത്ര ശ്രമങ്ങള്‍ അക്ഷീണം തുടരുന്നുവെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ പാപ്പായും, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ്, 'ഗാസയില്‍ അധിനിവേശം ഉണ്ടാകില്ലെന്ന്' ഉറപ്പു നല്‍കിയതും കര്‍ദിനാള്‍ സ്മരിച്ചു.

Tags

Share this story

From Around the Web