വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിന് യൂറോപ്യൻ യൂണിയന്റെ പ്രത്യേക ബഹുമതി
സ്ട്രാസ്‌ബർഗ്: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായ കർദ്ദിനാൾ പിയട്രോ പരോളിനു യൂറോപ്യൻ യൂണിയന്റെ ബഹുമതി. യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ് ബഹുമതിയ്ക്കാണ് കര്‍ദ്ദിനാള്‍ പരോളിന്‍ അര്‍ഹനായത്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഐക്യത്തിനും അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും ഗണ്യമായ സംഭാവന നൽകിയ വ്യക്തികളോടുള്ള ആദരവിന്റെ ഭാഗമായാണ് 'യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്' നല്‍കുന്നത്. സ്ട്രാസ്‌ബർഗിൽ നടന്ന സമ്മേളനത്തിലാണ് യൂറോപ്യൻ പാർലമെന്റ് അധ്യക്ഷയായ റോബര്‍ട്ട മെട്സോല പ്രഖ്യാപനം നടത്തിയത്.
ഇന്നലെ മെയ് 19 ചൊവ്വാഴ്ച ഔദ്യോഗിക അവാർഡ് ദാന ചടങ്ങ് നടന്നു. സമാധാനം, മനുഷ്യാവകാശം, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയ്ക്ക് നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ബഹുമതി നൽകുന്നതെന്ന് യൂറോപ്യൻ യൂണിയന്‍ വ്യക്തമാക്കി. വത്തിക്കാന്റെ വിദേശനയരംഗത്ത് പ്രധാന പങ്കുവഹിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ, ആഗോള പ്രശ്നങ്ങളിൽ സംവാദവും പരിഹാര മാർഗങ്ങളുമായി ഇടപെടല്‍ നടത്താറുണ്ട്. സമാധാനത്തിനും മനുഷ്യകുലത്തിന്റെ പൊതുനന്മയ്ക്കുമായി പ്രവർത്തിക്കുന്നതാണ് വത്തിക്കാൻ നയതന്ത്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
1950ലെ 'ഷുമാൻ പ്രഖ്യാപനത്തിന്റെ' 75-ാം വാർഷികത്തോടനുബന്ധിച്ചാണ് യൂറോപ്യൻ പാർലമെന്റ് 'യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്' ബഹുമതി സ്ഥാപിച്ചത്. യൂറോപ്യൻ ഐക്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സമാധാനം, ജനാധിപത്യം,അന്തർദേശീയ സഹകരണം എന്നിവ സംരക്ഷിക്കാൻ ഇടപെടുന്ന വ്യക്തികളെയാണ് പ്രതിവർഷം ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 30 വർഷം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്ത കര്‍ദ്ദിനാള്‍ പരോളിന്‍ 13 വര്‍ഷമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുകയാണ്.