രക്തസാക്ഷിത്വത്തിൽ സഭ ക്രിസ്തുവിനോട് അനുരൂപയാകുന്നു: കർദ്ദിനാൾ കോഹ്

 
Carsinal

ക്രൈസ്തവർക്കെതിരായ മതപീഡനങ്ങൾ പഴയകാലത്തെ മാത്രം ഒരു ഓർമ്മയല്ലെന്നും, ഇന്നത്തെ ലോകത്ത് ചിലയിടങ്ങളിലെങ്കിലും അത് പൂർവ്വാധികം ശക്തിയോടെ തുടരുന്നുണ്ടെന്നും ക്രൈസ്തവരുടെ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ കുർട്ട് കോഹ് (CARD. KURT KOCH). നവ ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മയിൽ സമാധാനത്തിനായുള്ള എക്യൂമെനിക്കൽ ആചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 23-ന് നൽകിയ തന്റെ സന്ദേശത്തിലാണ് ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ജീവിതം തന്നെ നൽകേണ്ടിവരുന്ന മനുഷ്യരെ കർദ്ദിനാൾ കോഹ് അനുസ്മരിച്ചത്.

മെഡ്സ് യേഗേൺ (Medz Yeghern) എന്ന പേരിൽ അറിയപ്പെടുന്നതും കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നതുമായ അർമേനിയൻ ക്രൈസ്തവരുടെ കഠിനമായ രക്തരൂക്ഷിതജീവത്യാഗം അനുസ്മരിച്ചുകൊണ്ട് നടത്തപ്പെട്ട പ്രാർത്ഥനാസമ്മേളനത്തിലേക്കയച്ച തന്റെ സന്ദേശത്തിൽ, തങ്ങളുടെ രക്തം ചിന്തിക്കൊണ്ട് പോലും ക്രിസ്തുവിന് വേണ്ടി സാക്ഷ്യം നൽകുന്നവരുടെ ജീവിതത്തിൽ ക്രിസ്തുവിലെ സമ്പന്നതയെയും അവരുടെ സദ്പ്രവർത്തികളും തിരിച്ചറിയുക എന്നത് ന്യായവും യുക്തവുമാണെന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയും (Unitatis redintegratio 4) കർദ്ദിനാൾ കോഹ് പരാമർശിച്ചു.

രക്തസാക്ഷിത്വം എന്നത്, ക്രൈസ്തവികതയുടെ ചെറിയൊരു ഭാഗം മാത്രമല്ല, മറിച്ച് അതിന്റെ തുടിക്കുന്ന ഹൃദയം തന്നെയാണെന്നും, അതിലൂടെ സഭ, ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ സാക്ഷിയായ ക്രിസ്തുവിനോട് അനുരൂപപ്പെടുകയാണെന്നുമാണ് അർമേനിയൻ ക്രൈസ്തവരുടെ ജീവത്യാഗം നമ്മെ പഠിപ്പിക്കുന്നതെന്ന് ക്രൈസ്തവരുടെ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ തലവൻ  ഓർമ്മിപ്പിച്ചു.

അർമേനിയൻ രക്തസാക്ഷികൾ, പൊതുവായ രക്തസാക്ഷികളുടെ നിരയിൽപ്പെടുന്നവരാണെന്ന് എഴുതിയ കർദ്ദിനാൾ കോഹ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞിരുന്നതുപോലെ, തങ്ങളുടെ വ്യത്യസ്തതകൾക്കുപരിയായി, രക്തത്തിന്റെ എക്യൂമെനിസത്തിലൂടെ ക്രൈസ്തവരെ ഒന്നിപ്പിക്കുന്നവരാണ് അവരെന്ന് വിശദീകരിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ വലിയ ഏകാധിപതികളുടെ അവസാനമായെങ്കിലും ക്രൈസ്തവർക്കെതിരായ മതപീഡനങ്ങൾ ലോകത്ത് അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, ചിലയിടങ്ങളിലെങ്കിലും ഇന്നും അത് പൂർവ്വാധികം ശക്തമായി തുടരുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രക്തസാക്ഷികളുടെ രക്തം ക്രൈസ്തവരുടെ വിത്താണെന്ന (തെർത്തുല്യൻ) ആദിമക്രൈസ്തവസഭയുടെ വിശ്വാസം പോലെ, ഇന്നത്തെ നിരവധിയായ ക്രൈസ്തവസക്ഷികളുടെ രക്തം, ക്രിസ്തുവിന്റെ ഏകശരീരവും ഭിന്നതകളാൽ ഏറെ മുറിവേറ്റപ്പെട്ടതുമായ സഭയുടെ ഭാവി ഐക്യത്തിനുള്ള വിത്തായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും കർദ്ദിനാൾ കോഹ് എഴുതി.

പൂർണ്ണമായ ഐക്യത്തിലേക്ക് എത്തിച്ചേരാൻ ഈ രക്തസാക്ഷികൾ നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ച ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ, രക്ഷയുടെ ഏക കാസയിൽനിന്ന് നാമേവരും കുടിക്കുന്ന അനുഗ്രഹീതമായ ദിനം അടുത്തെത്തുന്നതിന് അവരുടെ രക്തം ഉതകട്ടെയെന്ന് എഴുതി.

Tags

Share this story

From Around the Web