നൂറ്റാണ്ടിനോടടുത്ത ജീവിതം സഭയ്ക്കായി സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ ജൂലിയോ ലംഗ വിടവാങ്ങി

 
JULIO LANGA


മാപുടോ: മൊസാംബിക്കിലെ രണ്ടാമത്തെ തദ്ദേശീയ കര്‍ദ്ദിനാളും ഷായ്-ഷായ് കത്തോലിക്കാ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജൂലിയോ ഡുവാര്‍ട്ടെ ലംഗ ദിവംഗതനായി. 

99-ാം വയസ്സിലാണ് നിത്യസമ്മാനത്തിനായുള്ള യാത്ര. തന്റെ ഭൗമിക തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുമ്പോള്‍, മൊസാംബിക്കിലെ കത്തോലിക്കാ സഭയുടെയും, പ്രത്യേകിച്ച് ഷായ്-ഷായ് രൂപതയുടെയും സേവനത്തിനായി വിശ്വസ്തതയോടെ സ്വയം സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ ലംഗയുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കും നന്ദി അര്‍പ്പിക്കുകയാണെന്നു മൊസാംബിക്കിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവിച്ചു.

1927 ഒക്ടോബറില്‍ രാജ്യത്തെ ഗാസ പ്രവിശ്യയിലെ മംഗുന്‍സെയില്‍ ജനിച്ച കര്‍ദ്ദിനാള്‍ ലംഗ, 1957 ജൂണില്‍ വൈദികനായി അഭിഷിക്തനായി. 

അന്നത്തെ മാര്‍പാപ്പയായ പോള്‍ ആറാമന്‍ പാപ്പ 1976-ല്‍, പുതുതായി സ്ഥാപിതമായ സായ്-സായ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 

യുദ്ധം, അരക്ഷിതാവസ്ഥ, തുടങ്ങീ ദുഷ്‌കരമായ സാഹചര്യങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തെ രണ്ട് പതിറ്റാണ്ടിലേറെക്കാലം നയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


ഇക്കാലയളവില്‍, സംഘര്‍ഷങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും ഇരയായ സമൂഹങ്ങള്‍ക്ക് പുതുജീവിതം സമ്മാനിക്കുവാനും രൂപതയുടെ ആത്മീയവും ഭൗതീകവുമായ തലങ്ങളില്‍ പുരോഗതി കൈവരിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു. 

തന്റെ ഇടയശുശ്രൂഷകള്‍ക്ക് പുറമേ, പ്രാദേശിക ഭാഷകളിലുള്ള അറിവ് വഴി സുവിശേഷവത്ക്കരണത്തിന് വേര് പാകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകള്‍ മൊസാംബിക്കിലെ പ്രധാന ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുവാന്‍ അദ്ദേഹം നിര്‍ണ്ണായക ഇടപെടല്‍ നടത്തി.

സഭയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ സേവനത്തോടുള്ള ആദരസൂചകമായി, 2015 ഫെബ്രുവരി 14-ന് നടന്ന കണ്‍സിസ്റ്ററിയില്‍വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 

87-ാം വയസ്സിലാണ് അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി ലഭിച്ചത്. 

കര്‍ദ്ദിനാള്‍ ജൂലിയോ ഡുവാര്‍ട്ടെയുടെ വിയോഗത്തോടെ തിരുസഭയിലെ ആകെ കര്‍ദ്ദിനാളുമാരുടെ എണ്ണം 240 ആയി കുറഞ്ഞു. ഇവരില്‍ 116 പേര്‍ വോട്ടവകാശമുള്ളവരും 124 പേര്‍ വോട്ടവകാശമില്ലാത്തവരുമാണ്.

Tags

Share this story

From Around the Web