കര്‍ദിനാള്‍ ഫ്രാന്‍സിസ് - സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ 13 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഫ്രാന്‍സിസ് - സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു.
വാന്‍ തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില്‍ അവസാന വ്യക്തിയുമായ എലിസബത്ത് നുയെന്‍ തി തു ഹോങ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
വിയറ്റ്നാമീസ് കര്‍ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ് വത്തിക്കാന്റെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്.
13 വര്‍ഷം വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തടവുകാരനായിരുന്നു, അതില്‍ ഒമ്പത് വര്‍ഷവും ഏകാന്തതടവില്‍ കഴിഞ്ഞു. തടവില്‍ കഴിയുമ്പോള്‍ അദ്ദേഹം എഴുതിയ ആത്മീയ കുറിപ്പുകളുടെ സമാഹാരമായ 'ദി റോഡ് ഓഫ് ഹോപ്പ്: എ ഗോസ്പല്‍ ഫ്രം ജയില്‍' എന്ന പുസ്തകം അനേകാരായിരങ്ങള്‍ക്ക് ഇന്നും പ്രത്യാശ പകരുന്നു.
മോചിതനായ ശേഷം, സ്വന്തം രാജ്യം വിടാന്‍ നിര്‍ബന്ധിതനായ കര്‍ദിനാള്‍, റോമിലാണ് അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ചത്.
2001-ല്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാന്‍ തുവാന് കര്‍ദിനാള്‍ പദവി നല്‍കി.
സെപ്റ്റംബര്‍ 16-ന് അന്തരിച്ച കര്‍ദിനാള്‍ വാന്‍ തുവാനെ 2017ല്‍ ധന്യനായി പ്രഖ്യാപിച്ചു.
തടവുകാലത്ത് ഒരു ഘട്ടത്തില്‍ 50 തടവുകാരുള്ള ഒരു മുറിയിലായിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. ആ സമയത്തും രാത്രി 9:30 ന് വിളക്കുകള്‍ അണയുന്നതുവരെ അദ്ദേഹം കാത്തിരിക്കുകയും തുടര്‍ന്ന് തന്റെ കിടക്കയില്‍ കുമ്പിട്ട് കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു.
ന്ന് അദ്ദേഹം തിരുവോസ്തി കത്തോലിക്കര്‍ക്ക് ചെറിയ കഷണങ്ങളാക്കി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഒറ്റപ്പെട്ട് ഏകാന്ത തടവില്‍ കഴിഞ്ഞപ്പോഴും പൂര്‍ണമായ ഇരുട്ടില്‍ മറ്റ് 50 തടവുകാരോടൊപ്പം കഴിഞ്ഞപ്പോഴും തന്റെ കൈ ബലിപീഠവും തടവുമുറി ദൈവാലയവുമാക്കി മാറ്റിക്കൊണ്ട് അദ്ദേഹം അര്‍പ്പിച്ച ദിവ്യബലികളുടെ അനുഭവകഥകള്‍ അനേകര്‍ക്ക് ദിവ്യകാരുണ്യഭക്തിയില്‍ വളരുവാന്‍ പ്രചോദനമായിട്ടുണ്ട്.