തിരുസഭയുടെ ഉന്നതപദവികളില്‍ സേവനം ചെയ്ത കര്‍ദ്ദിനാള്‍ എഡോര്‍ഡോ മെനിചെല്ലി ദിവംഗതനായി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കര്‍ദ്ദിനാളും വടക്കന്‍ ഇറ്റാലിയന്‍ മേഖലയായ മാര്‍ഷെയിലെ അങ്കോണ-ഒസിമോയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ എഡോര്‍ഡോ മെനിചെല്ലി ദിവംഗതനായി. 86-ാം വയസ്സായിരിന്നു.
അചഞ്ചലമായ വിശ്വാസത്തോടെ കര്‍ത്താവിനുള്ള തന്റെ സമര്‍പ്പണം അവസാനം വരെ കൊണ്ടുപോയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ മെനിചെല്ലിയെന്ന് അങ്കോണ-ഒസിമോയിലെ നിലവിലെ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.
1939 ഒക്ടോബര്‍ 14 ന് സെറിപോള ഡി സാന്‍ സെവേരിനോ മാര്‍ഷെയിലാണ് മെനിചെല്ലി ജനിച്ചത്. ഫാനോയിലെ പീയൂസ് പതിനൊന്നാമന്‍ റീജിയണല്‍ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠിച്ച ശേഷം അദ്ദേഹം റോമിലേക്ക് താമസം മാറി.
അവിടെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍സ് നേടി. 1965 ല്‍ തിരുപട്ടം സ്വീകരിച്ചു. 1968ല്‍ തിരുസഭയുടെ പരമോന്നത നീതിപീഠമായ അപ്പസ്‌തോലിക് സിഗ്‌നത്തൂരയുടെ സുപ്രീം ട്രൈബ്യൂണലിലേക്ക് വിളിക്കപ്പെട്ടു.
1991 വരെ അദ്ദേഹം അവിടെ സേവനം ചെയ്തു. തുടര്‍ന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലും സേവനം ചെയ്തു.
1994 ജൂണ്‍ 10ന്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ അബ്രൂസോ മേഖലയിലെ ചിയെറ്റി-വാസ്റ്റോയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 2004 ജനുവരി 8ന്, മെനിചെല്ലിയെ അങ്കോണ-ഒസിമോയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.
2014ലും 2015ലും ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കുടുംബത്തെക്കുറിച്ചുള്ള രണ്ട് ബിഷപ്പുമാരുടെ സിനഡുകളില്‍ അംഗമായി നിയമിച്ചു. 2015 ഫെബ്രുവരിയിലെ കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെനിചെല്ലിയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.
2017 ജൂലൈയില്‍ ബിഷപ്പുമാരുടെ പ്രായപരിധി എത്തിയതിനെത്തുടര്‍ന്ന് മെനിചെല്ലി രാജിവച്ചു. കര്‍ദ്ദിനാളിന്റെ മൃതസംസ്‌കാര ശുശ്രൂഷ ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് സാന്‍ സെവേരിനോ മാര്‍ഷെയിലെ മരിയന്‍ ദേവാലയത്തില്‍ നടക്കും.