ആംഗ്ലിക്കന്‍ സഭയുടെ പുതിയ പരമാദ്ധ്യക്ഷയ്ക്ക് കര്‍ദ്ദിനാള്‍ കോഹിന്‍ ആശംസയര്‍പ്പിച്ചു

 
sara



വത്തിക്കാന്‍:ആംഗ്ലിക്കന്‍ സഭാസമൂഹത്തിന്റെ പുതിയ അദ്ധ്യക്ഷയും കാന്റര്‍ബറിയുടെ ആര്‍ച്ചുബിഷപ്പും ആയി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സാറാ മല്ലല്ലിക്ക് വത്തിക്കാന്‍ വിഭാഗത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹ് ആശംസകള്‍ നേര്‍ന്നു.

കാന്റര്‍ബറിയുടെ നൂറ്റിയാറാമത്തെ ആര്‍ച്ച്ബിഷപ്പായിട്ടാണ് സാറാ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ ആര്‍ച്ചുബിഷപ്പ് പ്രസ്തുത സഭയുടെ പരമാദ്ധ്യക്ഷസ്ഥാനത്തെത്തുന്നത്.

ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വ്വെല്‍ബി 2024 നവംബറില്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സാറാ മല്ലല്ലി തല്‍സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ബ്രിട്ടന്റെ രാജാവ് ചാള്‍സ് മൂന്നാമന്‍ ഒക്ടോബര്‍ 3-നാണ് ഇതിന് അംഗീകാരം നല്കിയത്. 


2026 മാര്‍ച്ച് 25-നായിരിക്കും കാന്റര്‍ബറി കത്തീദ്രലില്‍ വച്ച് സ്ഥാനാരാഹോണ ചടങ്ങ്. ലോകത്തിലെ എട്ടരക്കോടി ആംഗ്ലിക്കന്‍ സഭാവിശ്വാസികളെ നയിക്കുകയെന്ന ദൗത്യമാണ് ആര്‍ച്ച്ബിഷപ്പ് സാറയില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ആംഗ്ലിക്കന്‍ സഭയും കത്തോലിക്കാസഭയും തമ്മില്‍ ഏതാണ്ട് 60 വര്‍ഷമായി നടന്നുവരുന്ന ദൈവിജ്ഞാനീയ സംഭാഷണത്തിലുള്ള പുരോഗതി കര്‍ദ്ദിനാള്‍ കോഹ് തന്റെ ആശംസാ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. ഭാവിയിലും ഈ യാത്ര തുടരാന്‍ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നു.

ഇംഗ്ലണ്ടില്‍ മുഖ്യ നഴിസിംഗ് ഓഫീസറായി ജോലിചെയ്തിരുന്ന 63 വയസ്സു പ്രായമുള്ള സാറ മല്ലല്ലി 2006-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും 2018-ല്‍ മെത്രാനായി അഭിഷിക്തയാകുകയും ചെയ്തു.
 വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ആര്‍ച്ച്ബിഷപ്പ് സാറയുടെ ഭര്‍ത്താവ് എമൊണ്‍ മല്ലല്ലിയാണ്.

Tags

Share this story

From Around the Web