മെത്രാഭിഷേക രജത ജൂബിലി ദിനത്തില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയ്ക്കു ജന്മനാടിന്റെ ആദരവ്. മാതൃഇടവകയായ സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ആദരവ്

 
MAR CLEMIS


മുക്കൂര്‍ (മല്ലപ്പള്ളി): മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മെത്രാഭിഷേക രജതജൂബിലി ദിനത്തില്‍ ജന്മനാടിന്റെ ആദരവ്. ഇന്നലെ രാവിലെ മാതൃഇടവകയായ സെന്റ് ജോസഫ് ദേവാലയത്തിലേക്ക് കര്‍ദ്ദിനാളിനെ വികാരി ഫാ.ഷാജി ബഹനാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനും ജൂബിലി കൃതജ്ഞത കുര്‍ബാനയ്ക്കും മാര്‍ ക്ലീമിസ് ബാവ കാര്‍മികത്വം വഹിച്ചു.

ഉച്ചകഴിഞ്ഞ് ജൂബിലി ഭവനങ്ങളുടെ കൂദാശയും താക്കോല്‍ ദാനവും നടന്നു. വൈകുന്നേരം മുക്കൂര്‍ ഗ്രാമം കര്‍ദ്ദിനാളിനെ വരവേറ്റു. പൗരാവലി ഒരുക്കിയ സ്വീകരണ സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേരളീയ സമൂഹത്തില്‍ തനതായ നിലപാടിലൂടെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് പ്രത്യക കഴിവുണ്ടെന്ന് മന്ത്രി മുരളീധരന്‍ ചൂണ്ടിക്കാട്ടി. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ആ ന്റോ ആന്റണി എംപി, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, അതിരൂപത വികാരി ജനറാള്‍ ഫാ.ഡോ.ഐസക്ക് പറപ്പള്ളില്‍, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറാള്‍ ഫാ.ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, ബഥനി സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ആര്‍ദ്ര എസ്‌പെ്‌ഐസി, മേഖലാ വികാരി ഫാ.മാത്യു പുനക്കുളം, വികാരി ഫാ. ഷാജി ബഹനാന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തി. 2001 ഓഗസ്റ്റ് 15ന് തിരുവല്ല തിരുമൂലപുരത്തായിരുന്നു ക്ലീമിസ് ബാവയുടെ മെത്രാഭിഷേകം.

Tags

Share this story

From Around the Web