മ്യാന്മറില്‍ സമാധാനസ്ഥാപനത്തിനുള്ള ആഹ്വാനം പുതുക്കി കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ
വത്തിക്കാന്‍സിറ്റി: ദീര്‍ഘനാളുകളായി സംഘര്‍ഷങ്ങള്‍ തുടരുന്ന മ്യാന്മറില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്ന അഭ്യര്‍ത്ഥന പുതുക്കി കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ.
ക്രിസ്തുമസിനോടനുബന്ധിച്ച് പുറത്തുവിട്ട തന്റെ സന്ദേശത്തിലാണ്, മ്യാന്മാര്‍ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബോ ഇത്തരമൊരു അഭ്യര്‍ത്ഥന ആവര്‍ത്തിച്ചത്. രാജ്യത്ത് നിരായുധീകരണവും സമാധാനവും കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധങ്ങള്‍ മൂലവും, തീവ്രവാദം, അസമത്വം തുടങ്ങിയ തിന്മകള്‍ മൂലവും പ്രത്യാശ തകരുന്ന സ്ഥിതിയിലാണെന്നും, എന്നാല്‍ സമാധാനമെന്നത് മാനവികതയുടെ നിഷേധിക്കാനാകാത്ത ആവശ്യമാണെന്നും യാങ്കോണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബോ പ്രസ്താവിച്ചു. 'സമാധാനം നിങ്ങളോടുകൂടെ' എന്ന ആശംസ ക്രിസ്തുമസ് കാലത്ത് കൈമാറപ്പെടുമ്പോള്‍, ആ സമാധാനം ഉണ്ണിയേശു നല്‍കുന്ന സമാധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ ശിശുവിന് ഹൃദയങ്ങളില്‍ പ്രവേശിക്കാനും, നമ്മില്‍ പരിവര്‍ത്തനം നടത്താനുമുള്ള കഴിവുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും പരാമര്‍ശിച്ച കര്‍ദ്ദിനാള്‍ ബോ, ഉത്ഥിതനായ ക്രിസ്തു കൊണ്ടുവരുന്ന സമാധാനം ആയുധരഹിതമായ സമാധാനമാണെന്ന് ഓര്‍മ്മിപ്പിച്ചു.
അക്രമരഹിതമായാണ് ക്രിസ്തു, തന്റെ കാലത്ത് രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് പ്രസ്താവിച്ച മ്യാന്മാര്‍ മെത്രാന്‍സമിതി അദ്ധ്യക്ഷന്‍, ക്രൈസ്തവര്‍ ഈ മാതൃക പിന്‍തുടരണമെന്നും, ഈ സമാധാനത്തിന്റെ മാര്‍ഗ്ഗത്തിന് സാക്ഷ്യം വഹിക്കണമെന്നും, എല്ലാത്തരം അതിക്രമങ്ങളെയും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
എല്ലാവരും സമാധാനത്തെ സ്‌നേഹിക്കുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്യമ്പോഴും ലോകത്ത് അനിശ്ചിതത്വവും ഭയവും വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ആളുകള്‍ക്കിടയില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കിടയിലും വളര്‍ന്നുവരികയാണെന്നും കര്‍ദ്ദിനാള്‍ ബോ തന്റെ സന്ദേശത്തില്‍ എഴുതി.
സമാധാനം അകലെയാണെന്നും, സമാധാനത്തിനുവേണ്ടി ജനതകള്‍ യുദ്ധം നടത്തുന്ന കാലമാണിതെന്നും, വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍, അക്രമത്തിനെതിരെ അക്രമം കൊണ്ട് പ്രതികരിക്കാത്ത സര്‍ക്കാരുകള്‍ കഴിവുകെട്ട സര്‍ക്കാരുകളാണെന്ന് കുറ്റപ്പെടുത്തപ്പെടുന്ന സവിശേഷതയാണ് ഇന്ന് എങ്ങും നിലനില്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഇത്തരം കുറ്റപ്പെടുത്തലുകളുടെയും എങ്ങും തുടരുന്ന യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഫലമായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ എല്ലാ രാജ്യങ്ങളും നിര്‍ബന്ധിതരാകുന്നു സ്ഥിതിവിശേഷമാണ് നാം കാണുന്നതെന്നും അദ്ദേഹം എഴുതി.