ജീവിതത്തിന്റെ പരമമായ സന്തോഷം ദൈവത്തില്‍ കണ്ടെത്തണമെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ
റാന്നി: ജീവിതത്തിന്റെ പരമമായ സന്തോഷം ദൈവത്തില്‍ കണ്ടെത്തണമെന്ന് മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ. ദൈവം നമ്മെ എപ്പോഴും സ്‌നേഹിക്കുന്നു എന്നതിലാണ് വിശ്വാസ ജീവിതം ക്രമീകരിക്കേണ്ടത്. യേശുക്രിസ്തുവിലൂടെയാണ് നാം ദൈവത്തെ തിരിച്ചറിഞ്ഞത്. ഹൃദയത്തിന്റെ തുടിപ്പ് അറിയുന്നവരാണ് നല്ല സ്‌നേഹിതന്‍മാര്‍. നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സ്പര്‍ശിക്കുന്നതാകണം ക്രിസ്തീയ ജീവിതം. വേദനയും പ്രതിസന്ധിയും ഇല്ലാത്ത ജീവിതക്രമമല്ല വിശ്വാസ ജീവിതം.
ദൈവത്തെ അറിഞ്ഞത് ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തണം. ലോകത്തിലെ കഷ്ടതകള്‍ എനിക്ക് പ്രശ്‌നമല്ല എന്നാണ് വിശ്വാസികള്‍ക്ക് മാതൃകയായ സാധു കൊച്ചുകുഞ്ഞ് ഉപദേശി പറഞ്ഞത്. സ്വര്‍ഗ്ഗത്തെയും ദൈവത്തെയും ധനമായി ഉപദേശി സ്വീകരിച്ചു. സര്‍വ്വശക്തനായ ദൈവം എനിക്ക് മതിയായവനാണെന്ന് ഉപദേശി നമ്മെ പഠിപ്പിച്ചു.
പരിശുദ്ധാത്മാവ് ഹൃദയങ്ങളില്‍ വെളിച്ചം നല്‍കും. സമൂഹത്തോട് മുഖം തിരിക്കുന്നവരല്ല,വര്‍ത്തമാനകാലത്തെ തിരിച്ചറിഞ്ഞ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരാണ് നല്ല വിശ്വാസികള്‍. മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷനിലെ മൂന്നാം ദിനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍, വെരി. റവ. റോയി മാത്യു കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, ട്രഷറര്‍ അനു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.