കാര്‍ കത്തി വ്യാപാരി മരിച്ച സംഭവം: ജീവനൊടുക്കിയതോ കൊലപാതകമോ? സിസിടിവ ദൃശ്യങ്ങള്‍ പുറത്ത്

 
cctv



കോഴിക്കോട്: ചേവായൂര്‍ മഠത്തില്‍മുക്കില്‍ കാര്‍ കത്തി വ്യാപാരി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇറക്കമിറങ്ങി റോഡിലൂടെ കുറഞ്ഞ വേഗത്തില്‍ വന്ന കാര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതാണ് ഇതിലുള്ളത്. സമീപത്തെ ഫാക്ടറിയുടെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവത്തില്‍ നേരത്തെ തന്നെ വലിയ ദുരൂഹതയുണ്ടായിരുന്നു.

മതിലില്‍ ഇടിച്ച ആഘാതത്തില്‍ കാറിന് തീപ്പിടിക്കുകയായിരുന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, അഞ്ച് ലിറ്ററിന്റെ പെട്രോള്‍ കന്നാസ് സമീപത്തുനിന്ന് കിട്ടിയതും മറ്റു സംശയങ്ങളും ദുരൂഹത വര്‍ധിപ്പിച്ചു. ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ, സ്വാഭാവിക അപകടമായിരിക്കാം എന്ന നിഗമനം ഏറെക്കുറെ അവസാനിച്ചു.

ജീവനൊടുക്കിയതോ അല്ലെങ്കില്‍ കൊലപാതകമോ ആകാമെന്ന സംശയത്തിലാണ് പോലീസ്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചേവായൂര്‍ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരന്‍ ആണ് കാറിനനുള്ളില്‍ വെന്തു മരിച്ചത്. 

ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നും കൊയിലാണ്ടിയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ഇദ്ദേഹം. അപകട വിവരമറിഞ്ഞ് പ്രദേശവാസികള്‍ ഓടിയെത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നിക്കിരയായിരുന്നു.

തുടര്‍ന്ന്, അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപ്പോഴേക്കും സുധാകരന്‍ മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ്, ഡോഗ് സ്‌ക്വാഡ് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Tags

Share this story

From Around the Web