പാലക്കാട് കാര്‍ മരത്തിലിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം, അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
 

 
accident kerala


 

 
പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയില്‍ മനിശ്ശീരിയില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലും മരത്തിലുമിടിച്ച് രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12.30ഓടെയായിരുന്നു അപകടം. സൗത്ത് പനമണ്ണ സ്വദേശി വൈശാഖ്, ഒപ്പമുണ്ടായിരുന്ന വാസു എന്നിവരാണ് മരിച്ചത്. വൈശാഖാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം.

കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പനമണ്ണ, കണ്ണിയംപുറം സ്വദേശികളായ നിതിന്‍, ഗോവിന്ദ്, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. വാണിയംകുളം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആദ്യം കലുങ്കിലും പിന്നീട് മരത്തിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
വിവരമറിഞ്ഞ് ഷൊര്‍ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. കാറിന്റെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. പരിക്കേറ്റ മൂന്നുപേരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags

Share this story

From Around the Web