വാഹനാപകടം. ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിച്ചു എന്നതുകൊണ്ട് നഷ്ടപരിഹാര തുക കുറയ്ക്കാനാവില്ല; സുപ്രീംകോടതി
വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാര തുകയില്‍നിന്ന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വഴിയോ മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ വഴിയോ ലഭിച്ച ആനുകൂല്യങ്ങള്‍ കുറയ്ക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുക നഷ്ടപരിഹാരത്തില്‍നിന്ന് കിഴിവ് ചെയ്ത നടപടി ശരിവെക്കാതിരുന്ന കേരള, കര്‍ണാടക ഹൈക്കോടതികളുടെ വിധി സുപ്രീംകോടതി ശരിവെച്ചു. 4
ഹൈക്കോടതി വിധികള്‍ക്കെതിരെ നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഈ നിര്‍ണ്ണായക ഉത്തരവ്.
തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള സ്വതന്ത്രമായ കരാര്‍ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇത് മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇന്‍ഷുറന്‍സ് തുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ഗ്രാറ്റുവിറ്റി എന്നിവ ലഭിച്ചു എന്ന കാരണത്താല്‍ അപകട ഇന്‍ഷുറന്‍സ് തുകയില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ ബന്ധുവിന് ലഭിക്കുന്ന ജോലിയോ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനെ ബാധിക്കില്ലെന്നും കോടതി അടിവരയിട്ടു പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കുടുംബത്തിന് ലഭിക്കേണ്ട അര്‍ഹമായ തുക പൂര്‍ണ്ണമായും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.