ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു; ആരോഗ്യനില തൃപ്തികരം
ദുബായ്: ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തില്‍വെച്ച് സഹപൈലറ്റിന്റെ ആക്രമണം തടയുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയില്‍നിന്ന് യു.എ.ഇയിലേക്ക് മാറ്റി.
സൗദിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ദുബായിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ അദ്ദേഹത്തിന് തുടര്‍ച്ചികിത്സ നല്‍കും.
വിമാനം ഇസ്രയേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് ഒമാന്‍ പൗരനായ സഹപൈലറ്റ് ക്യാപ്റ്റനായ മുംബൈ സ്വദേശി സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കോക്ക്പിറ്റിലെ നിയന്ത്രണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താന്‍ അക്രമി ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. 29 സെക്കന്‍ഡിനുള്ളില്‍ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചതായും രണ്ടു മിനിറ്റിനുള്ളില്‍ 17,000 അടി താഴ്ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് അക്രമിയെ ചെറുത്തുതോല്‍പ്പിച്ചു. നിലവിളിയും വിമാനത്തിന്റെ പെട്ടെന്നുള്ള താഴ്ചയും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും മറ്റ് ജീവനക്കാരും കോക്ക്പിറ്റിലേക്ക് പ്രവേശിച്ച് അക്രമിയെ പിടിച്ചുമാറ്റുകയും കീഴടക്കുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെയും ജീവന്‍ രക്ഷിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തബൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സഹപൈലറ്റിനെയും ലാന്‍ഡിങ്ങിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇയാളെ സൗദി പോലീസിന് കൈമാറി. സൗദി അധികൃതര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.