കാന്‍സര്‍ ബാധിച്ച പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ കടുവയ്ക്ക് ദയാവധം;ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് നടപടി

 
NANDA


പുത്തൂര്‍(തൃശ്ശൂര്‍): വയനാട്ടില്‍നിന്ന് പിടികൂടി തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയിലായിരുന്ന നന്ദു എന്ന കടുവയ്ക്ക് ദയാവധം.

 ബുധനാഴ്ച രാവിലെ പത്തിനാണ് ദയാവധം നടപ്പാക്കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

2025 ഡിസംബര്‍ 28-നാണ് വായില്‍ മുറിവേറ്റ നിലയില്‍ 14 വയസ്സുള്ള കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. വയനാട് വണ്ടിക്കാടില്‍നിന്നാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. ദേവര്‍ഗദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പന്‍ മാരനെ കടുവ കൊന്നിരുന്നു. 


വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് കടുവയെ പിടികൂടി മാറ്റിയിരുന്നത്. പ്രായക്കൂടുതലിന്റെ അവശത കടുവയ്ക്കുണ്ടായിരുന്നു. ചികിത്സയ്ക്കിടെയാണ് അര്‍ബുദം സ്ഥിരീകരിച്ചത്.

കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കൂടുതല്‍ ചികിത്സ നല്‍കാന്‍ കഴിയാതായി. തുടര്‍ന്നാണ് വേദനയില്‍ കഴിയുന്ന കടുവയുടെ അവസ്ഥ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് ഉത്തരവ് പ്രകാരം ദയാവധം നടപ്പാക്കിയത്. 

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജിന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയിലെ എസ്. ഷാജിയാണ് കടുവയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയെ സംസ്‌കരിച്ചു.

Tags

Share this story

From Around the Web