വത്തിക്കാനിലെ ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍
വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ ബാധിതരായി വത്തിക്കാനിലെ ആശുപത്രികളില്‍ കഴിയുന്ന കുട്ടികളുടെ ഉള്ളിലെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ ഈ ക്രിസ്മസിന് വേദനകള്‍ സുല്ലിടും. ഇത്തവണ ക്രിസ്മസിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത് കാന്‍സര്‍ ബാധിതരായ കുട്ടികളാണ്. അര്‍ബുദത്തോട് പോരാടുന്ന ഇറ്റലിയിലെ വിവിധ പീഡിയാട്രിക് ആശുപത്രികളിലെ കുരുന്നുകള്‍ സ്വന്തം കൈകളാല്‍ കളിമണ്ണില്‍ തീര്‍ത്ത മനോഹരമായ അലങ്കാരങ്ങള്‍ വത്തിക്കാന്റെ ക്രിസ്മസ് മരച്ചില്ലകളെ മനോഹരമാക്കും.
രോഗാവസ്ഥയുടെ കഠിനമായ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ആശ്വാസം നല്‍കാന്‍ 'ലെനെ തുണ്‍ ഫൗണ്ടേഷന്‍' വര്‍ഷങ്ങളായി നടത്തുന്ന തെറാപ്പിയുടെ ഭാഗമായാണ് ഈ ഉദ്യമം. 2006 മുതല്‍ ഇറ്റലിയിലെ 36 പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിലായി 80,000-ത്തിലധികം കുട്ടികള്‍ക്ക് ഈ തെറാപ്പിയിലൂടെ ആശ്വാസം നല്‍കാന്‍ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. ഈ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയായി ഈ പ്രോജക്റ്റ് മാറിയിരിക്കുകയാണ്.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സര്‍വീസസ് ഡയറക്ടറേറ്റിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇറ്റലിയിലെ പൊട്ടന്‍സ പ്രവിശ്യയിലുള്ള ടെറനോവ ഡി പൊള്ളിനോ മുനിസിപ്പാലിറ്റി സംഭാവന ചെയ്ത, ഏകദേശം 25 മീറ്റര്‍ ഉയരമുള്ള മരമാണ് ഈ വര്‍ഷം വത്തിക്കാനില്‍ ക്രിസ്മസ് ട്രീയായി സ്ഥാപിക്കുന്നത്.
അബ്രുസോ പ്രദേശത്തെ ഗ്രാമീണ പാരമ്പര്യത്തിന്റെ ഭാഗമായുള്ള വൈക്കോല്‍ മേഞ്ഞ കുടിലിന്റെ മാതൃകയിലാണ് ഇത്തവണത്തെ വത്തിക്കാന്‍ ചത്വരത്തിലെ പുല്‍ക്കൂട് നിര്‍മിക്കുന്നത്. ആരും ദിവ്യരക്ഷക ന്റെ ജനനത്തി ന്റെ സന്തോഷത്തില്‍ നിന്ന് പുറത്തല്ല എന്ന് സൂചിപ്പിക്കുന്നതിനായി ദൈവകരുണയുടെയും വഴിതെറ്റിയ മനുഷ്യകുലത്തെയും, ക്രിസ്തു രക്ഷിക്കാന്‍ വരുന്ന പാപിയെയും പ്രതിനിധീകരിച്ച് ഒരു കറുത്ത ആടും ഈ പുല്‍ക്കൂടി ന്റെ ഭാഗമാകും.