ക്യാൻസർ വേദനസംഹാരികൾ മാരക ലഹരിയാക്കി; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 
drug

നെടുങ്കണ്ടം: കാൻസർ രോഗികൾക്ക് വേദന കുറയ്ക്കാൻ നൽകുന്ന അതീവ തീവ്രതയുള്ള വേദനസംഹാരി ഗുളികകൾ ലഹരിക്കായി കുത്തിവെച്ച് ഉപയോഗിച്ചുവന്ന സംഘം പിടിയിൽ. നെടുങ്കണ്ടം പൊലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലാണ് മൂന്ന് യുവാക്കൾ അറസ്റ്റിലായത്.

നെടുങ്കണ്ടം പുതുകിൽ ഫ്രാൻസിസ് (പ്രാഞ്ചി), ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിൻ എന്നിവരാണ് പിടിയിലായത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ സംശയാസ്പദമായി കണ്ട ഫ്രാൻസിസിനെയും അൻസലിനെയും തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മാരക ലഹരിസംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്ക് ശേഷം വേദന ശമിപ്പിക്കാൻ നൽകുന്ന 'ടാപെന്റാഡോൾ 100 മില്ലിഗ്രാം' ഗുളികകളാണ് ഇവർ ലഹരിക്കായി ഉപയോഗിച്ചിരുന്നത്. ഈ ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ചുകൾ ഉപയോഗിച്ച് സിരകളിലേക്ക് കുത്തിവെക്കുകയായിരുന്നു ഇവരുടെ രീതി. കൂടാതെ, കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച കുപ്പികൾ ഉപയോഗിച്ച് കഞ്ചാവ് പുകയ്ക്കാനും ഇവർ സജ്ജീകരണം ഒരുക്കിയിരുന്നു. വേദനസംഹാരി കുത്തിവെച്ച ശേഷം കഞ്ചാവ് ഉപയോഗിച്ചാൽ രണ്ടു ദിവസത്തോളം കടുത്ത ലഹരി ലഭിക്കുമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

കട്ടപ്പനയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഗുളികകൾ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. ദിവാകർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് 22,000 രൂപ നൽകി ഗുളികകൾ വാങ്ങിയതെന്നും ഇവർ വെളിപ്പെടുത്തി. കുറിപ്പടിയില്ലാതെ മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെയും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ദിവാകറിനായും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മഞ്ഞപ്പാറയിൽ നിന്ന് കഞ്ചാവുമായി പിടിയിലായ ജെസ്മിനും ഈ സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. നെടുങ്കണ്ടം സബ് ഇൻസ്‌പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ യുവാക്കൾക്കിടയിൽ ഇത്തരം മാരക ലഹരി ശൃംഖലകൾ സജീവമാണെന്ന വിവരത്തെത്തുടർന്ന് നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Tags

Share this story

From Around the Web