''പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ജീപ്പ് ഉപയോഗിക്കാമോ?; യുവാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം

 
police


പത്തനംതിട്ട: പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ജീപ്പ് ഉപയോഗിക്കാമോ എന്ന് ചോദിച്ചതിന് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. പന്തളം മങ്ങാരം കോടാലിപ്പറമ്പില്‍ വീട്ടില്‍ എസ്.ഷിഫാസ് (23) ആണ് പന്തളം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഓണാഘോഷത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ശ്രമിച്ചതാണ് ഉദ്യോഗസ്ഥരുടെ വൈരാഗ്യത്തിന് കാരണമായതെന്ന് ഷിഫാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഓഗസ്റ്റ് മുപ്പതാം തീയതി വൈകിട്ട് പന്തളം ചേരിക്കലിനടുത്ത് നടന്ന ഓണാഘോഷത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും റോഡില്‍ വീണുകിടക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷിഫാസും സുഹൃത്തുക്കളും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഈ സമയം അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് പരിക്കേറ്റവരെ പോലീസ് ജീപ്പില്‍ കൊണ്ടുപോകാമോ എന്ന് ഷിഫാസ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 'നീയാരാടാ അത് പറയാന്‍' എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ ഷിഫാസിനോട് തട്ടിക്കയറുകയായിരുന്നു.


ഇതിലെ വൈരാഗ്യം വെച്ച് അന്ന് രാത്രി പത്തുമണിയോടെ പന്തളം ടൗണില്‍ നില്‍ക്കുകയായിരുന്ന ഷിഫാസിനെയും സുഹൃത്തുക്കളെയും പോലീസ് ജീപ്പിലെത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് അതികഠിനമായി ഇടിക്കുകയും നാഭിക്കുചവിട്ടുകയും ചെയ്ത ശേഷം ഷിഫാസിനെ ജീപ്പില്‍ വലിച്ചുകയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജീപ്പില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നുവെന്ന് യുവാവ് പറയുന്നു.

തുടര്‍ന്ന് സംഘര്‍ഷത്തില്‍ പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും, സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷിഫാസിന് ഇതില്‍ പങ്കില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ രാത്രി രണ്ടരയോടെ ബന്ധുക്കള്‍ക്കൊപ്പം യുവാവിനെ വിട്ടയച്ചു. എന്നാല്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് അതിശക്തമായ ശരീരവേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടതോടെ ഷിഫാസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരുവിധ അന്വേഷണവും ആരംഭിച്ചിട്ടില്ല. പോലീസ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തന്റെ പക്കലുണ്ടെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷിഫാസ് വ്യക്തമാക്കി. അഡ്വ.എന്‍.മുഹമ്മദ് അന്‍സാരി, ഷിഫാസിന്റെ ബന്ധു എം.സജീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web