സമാധാനമൂല്യങ്ങളും പൊതുനന്മയും ഐക്യവും ലക്‌ഷ്യം കണ്ട് വിദ്യാഭ്യാസം നേടാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത് ലിയോ പാപ്പാ
നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ കൂടി സഹായത്തോടെ യുദ്ധങ്ങളും സംഘർഷങ്ങളും തുടരുന്ന ഇന്നത്തെ ലോകത്ത്, സമാധാനത്തിന്റെ സൃഷ്ടാക്കളാകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. റോമിലുള്ള സപ്പിയെൻസ യൂണിവേഴ്സിറ്റിയിൽ മെയ് 14 വ്യാഴാഴ്ച നടത്തിയ സന്ദർശനവേളയിൽ നടത്തിയ തന്റെ പ്രഭാഷണത്തിൽ, പൊതുനന്മയും പാരിസ്ഥിതികസംരക്ഷണവും ജനങ്ങൾക്കിടയിലുള്ള ഐക്യവും ഉറപ്പാക്കുന്ന ഒരു ജീവിതശൈലി സ്വന്തമാക്കാൻ പാപ്പാ ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട ഒരു ലോകത്തെ മുന്നിൽക്കണ്ടുകൊണ്ടുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ലോകത്തിന്റെ വിവിധയിടങ്ങളിൽ യുവജനങ്ങളുൾപ്പെടെയുള്ള ആളുകൾ സഹനങ്ങളിലൂടെ കടന്നുപോകുന്നത് മറന്നുപോകരുതെന്ന് ഓർമ്മിപ്പിച്ചു. നമ്മൾ വെറും നമ്പറുകൾ മാത്രമല്ലെന്നും, സ്വന്തം ജീവിതവും വ്യക്തിത്വവും വളർത്തിക്കൊണ്ടുവരുവാൻ നമുക്ക് കടമയുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ദുരന്തങ്ങൾ മറക്കരുതെന്നും, യുദ്ധങ്ങൾ അവർത്തിക്കപ്പെടരുതെന്നും വിദ്യാർത്ഥികളോടും യൂണിവേഴ്സിറ്റിയിലെ അധ്യാപകരോടും പരിശുദ്ധ പിതാവ് പറഞ്ഞു. ഇനിയൊരിക്കലും യുദ്ധമരുതെന്ന് തന്റെ മുൻഗാമികളായ പാപ്പാമാർ പലവുരു ആഹ്വാനം ചെയ്തതും ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു.
യുദ്ധങ്ങൾക്കായും ആയുധങ്ങൾക്കായും നീക്കിവയ്ക്കപ്പെടുന്ന് വലിയ സാമ്പത്തികനിക്ഷേപത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, ലോകത്ത് കൂടുതൽ സംഘർഷങ്ങളും ഭീതിയും വളർത്താനും, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്ക് ലഭിക്കേണ്ട ശ്രദ്ധയും അവയ്ക്കായി നീക്കിവയ്ക്കപ്പെടേണ്ട നിക്ഷേപവും കുറയ്ക്കാനും, നയതന്ത്രബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാകുന്ന ഇത്തരം സാഹചര്യങ്ങളെ "പ്രതിരോധം" എന്ന പേരിൽ വിളിക്കരുതെന്ന് പാപ്പാ പറഞ്ഞു.
മിലിറ്ററി മേഖലയുൾപ്പെടെ എല്ലായിടങ്ങളിലും നിർമ്മിതബുദ്ധിയുടെ ഉപയോഗം ശ്രദ്ധാപൂർവ്വം വേണം കൈകാര്യം ചെയ്യപ്പെടേണ്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മാനുഷികമായ തെരഞ്ഞെടുപ്പുകളും അതിലുപരി ഉത്തരവാദിത്വവും ഇല്ലാതാക്കുന്നതിന് അത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം കാരണമാകരുതെന്ന് ഉദ്‌ബോധിപ്പിച്ചു. ഉക്രൈൻ, ഗാസ, പാലസ്തീൻ, ലെബനൻ, ഇറാൻ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങളെയും യുദ്ധങ്ങളെയും പരാമർശിച്ച പാപ്പാ, അവ മൂലം മാനവികത നേരിടേണ്ടിവരുന്ന പ്രതിസന്ധികളും ദുരിതങ്ങളും അനുസ്മരിച്ചു.
പൊതുനന്മയും ഭാവിയും ലക്ഷ്യമാക്കി പ്രകൃതിയുടെ പരിപാലനത്തിന് നൽകേണ്ട ശ്രദ്ധയും പാപ്പാ യുവജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ യഥാർത്ഥ സമാധാനത്തിന്റെ സൃഷ്ടാക്കളാകാനുള്ള യുവജനങ്ങളുടെ വിളിയെക്കുറിച്ചും പാപ്പാ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.
വിവിധ മേഖലകളിലും ശാസ്ത്രവിഭാഗങ്ങളിലും മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സപ്പിയെൻസ സർവ്വകലാശാല, ഏറെ സാമ്പത്തികസാധ്യതകൾ ഇല്ലാത്തവർക്കും, ഭിന്നശേഷിക്കാർക്കും, തടവുകാർക്കും, അഭയാർത്ഥികൾക്കും നൽകുന്ന വിദ്യാഭ്യാസസൗകര്യങ്ങൾ പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ ഏതാണ്ട് അയ്യായിരത്തോളം പേരാണ് പാപ്പായുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തത്. സർവ്വകലാശാലയുടെ പ്രധാന ഓഡിറ്റോറിയത്തിനുള്ളിൽ നടന്ന സമ്മേളനത്തിൽ ആയിരം ആളുകളുണ്ടായിരുന്നു.