യുദ്ധത്തിന്റെ യുക്തി ഉപേക്ഷിച്ച് സമാധാനത്തിന്റെ മേശയിലേക്ക് എത്തിച്ചേരാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ
യുദ്ധത്തിന്റെ യുക്തി ഉപേക്ഷിച്ച് സമാധാനത്തിന്റെ മേശയിലേക്ക് എത്തിച്ചേരാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ലോകസമാധാനത്തിനായി വത്തിക്കാനിൽ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ ജാഗരണത്തിലായിരുന്നു പാപ്പ ഇപ്രകാരം പറഞ്ഞത്.
ആയുധങ്ങൾക്കും മരണത്തിനും വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിച്ച്, സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും വഴി സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധത്തിനെതിരായ സഭയുടെ നിലപാട് തെറ്റിധാരണകൾക്ക് ഇടയാക്കിയാലും, ഏതൊരു മാനുഷിക അധികാരത്തേക്കാളും ദൈവത്തോടുള്ള അനുസരണത്തിന് മുൻഗണന നൽകിക്കൊണ്ട് സമാധാനത്തിനായി നിലകൊള്ളുമെന്ന് പാപ്പ തറപ്പിച്ചു പറഞ്ഞു.
യുദ്ധമേഖലകളിൽ കഴിയുന്ന കുട്ടികളിൽ നിന്ന് തനിക്ക് ലഭിക്കുന്ന കത്തുകളെക്കുറിച്ച് മാർപാപ്പ വികാരാധീനനായി സംസാരിച്ചു. “ചില മുതിർന്നവർ അഭിമാനത്തോടെ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഭീകരത നിഷ്കളങ്കരായ ആ കുട്ടികളുടെ കണ്ണുകളിലൂടെ കാണുമ്പോൾ മാത്രമേ അതിന്റെ മനുഷ്യത്വരഹിതത നമുക്ക് മനസ്സിലാകൂ” എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. കുട്ടികളുടെ ശബ്ദത്തിന് ലോകം ചെവികൊടുക്കണമെന്നും മുതിർന്നവരുടെ അധികാരമോഹങ്ങൾക്കിടയിൽ തകർക്കപ്പെടുന്ന അവരുടെ ജീവിതങ്ങളെ ഓർക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
അതേസമയം, ലോകസമാധാനത്തിനായുള്ള പ്രാർഥനാ ജാഗരണത്തിൽ പങ്കുചേരാനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും പരിസരത്തുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്. സമാധാനത്തിനായുള്ള പ്രാർഥന വെറുമൊരു ചടങ്ങല്ലെന്നും അത് പർവതങ്ങളെപ്പോലും മാറ്റാൻ ശേഷിയുള്ള വിശ്വാസത്തിന്റെ പ്രകടനമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. അസീസിയിലെ വി. ഫ്രാൻസിസിന്റെ ശവകുടീരത്തിൽ നിന്ന് കൊണ്ടുവന്ന സമാധാനദീപത്തിൽ നിന്ന് മെഴുകുതിരികൾ തെളിച്ചുകൊണ്ടാണ് വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർഥനയിൽ പങ്കുചേർന്നത്.
“പ്രാർഥന എന്നത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഇടമോ, അനീതികൾ കണ്ടില്ലെന്ന് നടിക്കാനുള്ള വേദനസംഹാരിയോ അല്ല. മറിച്ച്, മരണത്തിന്റെ സംസ്കാരത്തോടുള്ള ഏറ്റവും നിസ്വാർഥമായ പ്രതികരണമാണത്” – പാപ്പ ഊന്നിപ്പറഞ്ഞു. ജപമാല സമർപ്പണത്തോടൊപ്പം സഭാപിതാക്കന്മാരുടെ ധ്യാനചിന്തകളും പങ്കുവച്ചുകൊണ്ടാണ് പ്രാർഥനാ ജാഗരണം സമാപിച്ചത്.