വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ ജനതയ്‌ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലിയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ ജനതയ്‌ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ.
ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്.
വെസ്റ്റ് ബാങ്കില്‍ അവശേഷിക്കുന്ന അവസാന ക്രൈസ്തവ ഗ്രാമങ്ങളിലൊന്നായ തായ്ബേയിലെ നിവാസികള്‍ക്ക് നേരെ ഇസ്രേയേല്‍ക്കാര്‍ ആക്രമണം അഴിച്ചുവിട്ടതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ആഹ്വാനമെന്നതും ശ്രദ്ധേയമാണ്.
വിശുദ്ധ നാട്ടില്‍ ശാശ്വതവും നീതിയുക്തവുമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 'ദ്വിരാഷ്ട്ര' പരിഹാരത്തലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പാപ്പ അഭ്യര്‍ത്ഥിച്ചു.
അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര അതിര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് വിശുദ്ധനാട്ടില്‍ സമാധാനം കൈവരിക്കാനുള്ള പ്രായോഗികവും ന്യായവുമായ മാര്‍ഗമെന്ന നിലപാടാണ് വത്തിക്കാന്‍ കാലങ്ങളായി സ്വീകരിച്ച് വരുന്നത്.