രണ്ടാം നൂറ്റാണ്ടില്‍ അടിമയുടെ മകനായി ജനിച്ച് വിശുദ്ധ പദവിയിലേക്ക് ഉയര്‍ന്ന കാലിസ്റ്റസ് ഒന്നാമനെക്കുറിച്ചറിയാം

രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഒരു ധനകാര്യ സ്ഥാപനത്തിന്റെ മേല്‍നോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നഗരം വിട്ട് ഒളിച്ചോടി.
എന്നാല്‍ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നല്‍കി മോചിതനായ ശേഷം അദ്ദേഹം റോമിലേക്ക് തിരികെ വന്നു.
സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കള്‍ നോക്കി നടത്തുന്നതിനും കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയന്‍ വീഥിയിലെ സെമിത്തേരിയിലെ ഭൂഗര്‍ഭ കല്ലറകളില്‍ രക്തസാക്ഷികളുടെ മൃതസംസ്‌കാരത്തിനു നേതൃത്വം നല്‍കുക തുടങ്ങിയ ജോലികള്‍ ഏല്‍പ്പിച്ചു. ഈ കല്ലറകള്‍ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 217-ല്‍ വിശുദ്ധന്‍, സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാര്‍പാപ്പയായി സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടില്‍ പാപ്പ എന്ന നിലയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി.
അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. 'ത്രിയേക ദൈവം' എന്ന സഭയുടെ വിശ്വാസത്തിനെതിരായി ഉയര്‍ന്നുവന്ന 'അഡോപ്ഷനിസം', 'മോഡലിസം' തുടങ്ങിയ പാഷണ്ഡതകള്‍ക്കെതിരെ പോരാടി, സഭയെയും വിശ്വാസത്തെയും കാത്തു സംരക്ഷിച്ചു.
വിശുദ്ധന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്‌സാണ്ടര്‍ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു.
നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങള്‍ക്കു അദ്ദേഹം വിധേയനായി. വിശ്വാസത്തെ മുറുകെ പിടിച്ചതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ പീഡിപ്പിക്കപ്പെട്ടു.
അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തലകീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊലപ്പെടുത്തി. 223-ല്‍ ആണ് വിശുദ്ധ കാലിസ്റ്റസ് ഒന്നാമന്‍ രക്തസാക്ഷിത്വം വരിച്ചത്.
ക്രിസ്തുവിനെ പ്രതി ധീരതയാര്‍ന്ന ജീവിതം നയിക്കുകയും ധീരമരണം പ്രാപിക്കുകയും ചെയ്ത ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം യാചിച്ച് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.