പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിച്ച്, ശുശ്രൂഷ മെച്ചപ്പെടുത്താൻ ഗൈഡുകൾക്കും സ്കൗട്ടുകൾക്കും ആഹ്വാനമേകി ലിയോ പതിനാലാമൻ പാപ്പാ

 
Papa

യൂറോപ്പിലെ കത്തോലിക്കാ സ്കൗട്ടുകളുടെയും ഗൈഡുകളുടെയും അസോസിയേഷൻ അംഗങ്ങൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ. 1976-ൽ സ്ഥാപിതമായ ഈ അസോസിയേഷന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച്, ജൂൺ ഒന്നാം തീയതി ഇത്തരമൊരു കൂടിക്കാഴ്ച അനുവദിച്ച പരിശുദ്ധ പിതാവ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നല്ല ക്രൈസ്തവരും മെച്ചപ്പെട്ട പൗരന്മാരുമാകാൻ സഹായമേകുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു. പ്രതിഫലമിച്ഛിക്കാതെയുമുള്ള ശുശ്രൂഷയാണ് കത്തോലിക്കാ സ്കൗട്ടുകളും ഗൈഡുകളും ചെയ്യുന്നതെന്ന് അനുസ്മരിച്ച പാപ്പാ, യേശുവുമായുള്ള കണ്ടുമുട്ടലിനും, അവന് സാക്ഷ്യമേകുന്നതിനും കുട്ടികളെ സഹായിക്കുന്ന അസോസിയേഷന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

"അൻപതാമത്" എന്നർത്ഥം വരുന്ന "പെന്തക്കുസ്താ" തിരുനാൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് സഭ ആഘോഷിച്ചത് അനുസ്മരിച്ച പാപ്പാ, സ്കൗട്ടുകളുടെയും ഗൈഡുകളുടെയും അസോസിയേഷന്റെ അൻപതാം സ്ഥാപകവാർഷികം, പുതിയൊരു പന്തക്കുസ്താ അനുഭവമാകട്ടെയെന്നും, അപ്പസ്തോലന്മാരുടെമേൽ ഇറങ്ങിവസിച്ചതുപോലെ പരിശുദ്ധാത്മാവ് നിങ്ങളുടെമേലും ഇറങ്ങിവരട്ടെയെന്നും ആശംസിച്ചു. ഉത്ഥിതനായ ക്രിസ്തുവിന്റെ ദാനമായ പരിശുദ്ധാത്മാവ്, വിശ്വാസത്തിന്റെ സൗന്ദര്യം പുതിയ വഴികളിലൂടെ സാക്ഷ്യപ്പെടുത്താൻ നമ്മെ സഹായിക്കുന്നതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബാഡൻ പവൽ കണ്ടുപിടിച്ച മാർഗ്ഗനിർദ്ദേശങ്ങളും സങ്കേതങ്ങളും, ഉപയോഗിച്ച്, സദ്ജീവിതത്തിന്റെ ഗുരുവും, വിശ്വസ്തനായ കൂട്ടുകാരനും, നമ്മുടെ വഴിത്താരകളിലെ ശക്തനും ഉത്തമനുമായ വഴികാട്ടിയും ആയ യേശുവുമായുള്ള കണ്ടുമുട്ടലിനായി കുട്ടികളെ സഹായിക്കുകയാണ് കത്തോലിക്കാ സ്കൗട്ടുകളും ഗൈഡുകളും ചെയ്യുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

യുവജനങ്ങളുടെ പരിശീലനവും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, പ്രസ്ഥാനത്തിൽ തുറസ്സായ സ്ഥലങ്ങൾക്കും പ്രകൃതിക്കുമുള്ള പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സൃഷ്ടിയിൽ സ്രഷ്ടാവ് അവശേഷിപ്പിച്ചുപോയ അടയാളങ്ങളിലൂടെ ദൈവത്തിന്റെ നന്മയെക്കുറിച്ചാണ് പ്രകൃതി നമ്മോട് സംസാരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

സുവിശേഷമെന്നാൽ ഒരു പുസ്തകം മാത്രമല്ലെന്നും, നീതിക്കും സത്യത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹമകറ്റുന്നവനും, നന്മയിലും സേവനത്തിലും മുന്നോട്ട് പോകാനുള്ള ധൈര്യം പകരുന്നവനുമായ ക്രിസ്തുവെന്ന വ്യക്തിതന്നെയാണ് അതിലുള്ളതെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. സഭയും നിങ്ങളുടെ അസോസിയേഷനും തമ്മിലുള്ള ബന്ധത്തിന്റെ അടയാളവും ഉറപ്പുമായാണ് നിങ്ങൾക്ക് വൈദികരെ സഹായകരായി നല്കിയിട്ടുള്ളതെന്ന്, പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വൈദികരെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

പക്വതയുള്ള സ്ത്രീപുരുഷന്മാരായി വളർന്നുവരാനുള്ള അവസരം കൂടിയാണ് കത്തോലിക്കാ സ്കൗട്ടുകളുടെയും ഗൈഡുകളുടെയും അസോസിയേഷൻ നൽകുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. നല്ല ക്രൈസ്തവരും നല്ല പൗരന്മാരുമാകാനാണ് ഈ അസോസിയേഷൻ സഹായിക്കുന്നതെന്നും, അതിനായാണ് നിങ്ങളുടെ ലീഡർമാർ നിങ്ങളുടെ പരിശീലനത്തിന്റെ ഓരോ പടികളിലും ശ്രമിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

രാഷ്ട്രീയമാനമില്ലാതെ, ജനതകളുടെയും ഉന്നത മൂല്യങ്ങളുടെയും, ക്രൈസ്തവ മാനവികതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തെയും പരിശ്രമത്തെയും പരിശുദ്ധ പിതാവ് അഭിനന്ദിച്ചു. ഈയൊരു ലക്ഷ്യത്തിലേക്ക്, ബാഡൻ പവലിന്റെ ഉദ്ബോധനരീതിക്ക് പ്രധാനപ്പെട്ട "ശ്രുശ്രൂഷ"യെന്ന പ്രക്രിയ സഹായകരമാണെന്നും, അത് എല്ലാത്തിനെയും യോജിപ്പിക്കുന്ന യാഥാർത്ഥ്യമാണെന്നും അഭിപ്രായപ്പെട്ട പാപ്പാ, അതിലൂടെ തങ്ങളുടെ കഴിവുകളും സമയവും പ്രതിഫലേശ്ച കൂടാതെ മറ്റുള്ളവർക്കായി സൗജന്യമായി നീക്കിവയ്ക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ചു.

കൂടുതൽ ഉത്തരവാദിത്വത്തോടും ആനന്ദത്തോടും കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ അസോസിയേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്ത പാപ്പാ, ഏവർക്കും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ലഭിക്കട്ടെയെന്നും, അങ്ങനെ, കാരുണ്യത്തിന്റെയും, മറ്റുള്ളവരെ ഉൾക്കൊള്ളുന്നതിന്റെയും സമാധാനത്തിന്റെയും ഭാഷ സംസാരിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും നിങ്ങൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.

Tags

Share this story

From Around the Web