സുവിശേഷത്തിന്റെ നിര്‍ഭയ പ്രഘോഷകരാകാന്‍ ആഹ്വാനം; ഘാനയില്‍ 10 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്ര കത്തോലിക്ക അതിരൂപതയില്‍ 10 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു.
ജൂലൈ 25-ന് അക്ര അതിരൂപതയുടെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബോണവെഞ്ചര്‍ ക്വോഫിയില്‍ നിന്നാണ് പത്തു ഡീക്കന്മാരും തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തരായത്.
സുവിശേഷത്തിന്റെ നിര്‍ഭയരായ പ്രഘോഷകരായി തങ്ങളുടെ വിളി സ്വീകരിക്കാനും സഭയുടെ പ്രബോധനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ക്രിസ്തുവിന്റെ സത്യം വിശ്വസ്തതയോടെ പ്രസംഗിക്കാനും വൈദികരായി അഭിഷേകം ചെയ്ത ഡീക്കന്മാരോട് ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ഡീക്കന്‍മാരായ റെയ്‌നോള്‍ഡ് അക്വെറ്റി നാര്‍ട്ടി, ജാസ്മിന്‍ ജോണ്‍ ക്വാബെന ഒബിരി-യബോവ, ജെയിംസ് ബാഗ ബോന്യേ ബോന്യാ, ക്രിസ്ത്യന്‍ ഡെലാലി എസോര്‍, ആന്റണി അനിം അഡോ, ഇമ്മാനുവല്‍ മൗലി കൊഡ്സോ അഹിയാട്രോഗ, ഫ്രാന്‍സിസ് ജെയിംസ് നീ അയി അന്‍ക്രാ, ജസ്റ്റിസ് ക്വാകു സിനോവോപെ, ഗബ്രിയേല്‍ ന്യൂര്‍ട്ടെ അറ്റാക്പ്ലി, മൈക്കല്‍ അറ്റിയാവിന്‍ അബില്ല എന്നിവരായിരുന്നു തിരുപ്പട്ടം സ്വീകരിച്ചത്.
വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മാതൃക പിന്തുടര്‍ന്ന് സഭ കൈമാറിയ സുവിശേഷം പ്രഘോഷിക്കുക എന്നതാണ് തങ്ങളുടെ പരമപ്രധാനമായ ഉത്തരവാദിത്തമെന്ന് ആര്‍ച്ച് ബിഷപ്പ് ക്വോഫി നിയുക്ത വൈദികരെ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും പ്രഘോഷിച്ച അതേ സന്ദേശം പ്രഘോഷിക്കാനാണ് നിങ്ങള്‍ അഭിഷിക്തരായത്. സഭ പഠിപ്പിക്കുന്നതുപോലെ സമൂഹത്തോട് വചനം പ്രഘോഷിക്കാനാണ് നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
പൗരോഹിത്യം സ്വീകരിക്കുന്ന നിമിഷം തന്നെ നിങ്ങള്‍ സുവിശേഷത്തിന്റെ പ്രഘോഷകരോ സഭയുടെ വക്താക്കളോ ആയിത്തീരുന്നു.
സുവിശേഷ പ്രഘോഷണം പൗരോഹിത്യ ശുശ്രൂഷയുടെ കാതലായ ഭാഗമാണ്.
വചനപ്രഘോഷണത്തിനും വിശ്വാസപരിശീലനത്തിനുമായി തങ്ങളെത്തന്നെ സമര്‍പ്പിക്കാനും ആര്‍ച്ച് ബിഷപ്പ് നവവൈദികരോട് ആഹ്വാനം ചെയ്തു.