ഉക്രൈയിനിലേക്കുള്ള സി. ലൂസിയയുടെ ആംബുലന്‍സുകള്‍ ആശീര്‍വദിച്ച് ലെയോ മാര്‍പാപ്പ

 
leo papa

ഭീതിയുടെയും യുദ്ധത്തിന്റെയും കറുത്ത പുകപടലങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുന്ന ചില മനുഷ്യരുണ്ട്. സ്‌പെയിനില്‍ ജീവിക്കുന്ന അര്‍ജന്റീനിയന്‍ സന്യാസിനി സി. ലൂസിയ കാരം അത്തരമൊരു അദ്ഭുതമാണ്. റഷ്യന്‍ അധിനിവേശത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഉക്രെയ്‌നിലെ ജനതയ്ക്ക് പ്രത്യാശയുടെ പ്രകാശവുമായി തന്റെ അമ്പത്തിയൊന്നാമത് മാനുഷിക ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഈ ഡോമിനിക്കന്‍ സന്യാസിനി.

ഇത്തവണ വെറും കൈയ്യോടെയല്ല, യുദ്ധമുഖത്ത് ജീവനുകള്‍ കാക്കാന്‍ 21 ആംബുലന്‍സുകളും പിക്കപ്പ് ട്രക്കുകളും ഉള്‍പ്പെടെ മുപ്പതോളം വാഹനങ്ങളുടെ ഒരു വലിയ നിരയുമായാണ് സിസ്റ്ററും സംഘവും യാത്ര തിരിക്കുന്നത്. ബാഴ്സലോണയിലെ 40,000 യുവാക്കളെ അഭിസംബോധന ചെയ്യാന്‍ എത്തുന്നതിന് തൊട്ടുമുമ്പ് ലെയോ മാര്‍പാപ്പ നേരിട്ടെത്തി ഈ കാരുണ്യ വാഹനങ്ങള്‍ വിശുദ്ധജലം തളിച്ച് ആശീര്‍വദിച്ചത് ഈ ദൗത്യത്തിന്റെ തീക്ഷ്ണത ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നു.

ലോകം ഉക്രൈയിനിലെ ദുരന്തങ്ങളെ പതുക്കെ മറന്നുതുടങ്ങുകയും അവിടുത്തെ ജനങ്ങള്‍ ഏറ്റവും ദുസ്സഹമായ അവസ്ഥയിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഈ സമയത്ത്, മാര്‍പാപ്പയുടെ ഈ സന്ദര്‍ശനവും ആശീര്‍വാദവും ഉക്രെയ്‌നിലേക്ക് വീണ്ടും ലോകശ്രദ്ധ തിരിക്കാന്‍ കാരണമാകുമെന്ന് സിസ്റ്റര്‍ ലൂസിയ പ്രത്യാശിക്കുന്നു. പരിക്കേറ്റവര്‍ക്കും അത്യാസന്ന നിലയിലായവര്‍ക്കും താങ്ങാകാന്‍ പോകുന്ന ഈ വാഹനങ്ങളെ ഒന്നൊന്നായി ആശീര്‍വദിച്ച മാര്‍പാപ്പ, യുദ്ധബാധിതരുടെ സങ്കടങ്ങള്‍ തന്നേയും ഏറെ അലട്ടുന്നുണ്ടെന്ന് സിസ്റ്ററോട് പങ്കുവെച്ചു.

സ്‌നേഹത്തിന്റെ പ്രതീകമായി ഉക്രെയ്‌നിലെ പതാകയടങ്ങിയ ഒരു 'വിജയപ്പെട്ടി'യും തദ്ദേശീയരായ സ്ത്രീകള്‍ തുന്നിയെടുത്ത പാവകളും അവര്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. യുദ്ധം അവസാനിക്കുന്ന സുദിനത്തില്‍ മാത്രം തുറക്കാനുള്ളതാണ് ആ വിക്ടറി ബോക്‌സ്. മാര്‍പാപ്പയുടെ സ്‌നേഹവും പ്രാര്‍ഥനകളും ഏറ്റുവാങ്ങി, അറുപതോളം ഡ്രൈവര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമായി സിസ്റ്റര്‍ നേരെ തിരിക്കുന്നത് റഷ്യന്‍ ഷെല്ലാക്രമണം ശക്തമായ ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്കാണ്.


ഈ വലിയ കാരുണ്യപ്രവര്‍ത്തനത്തിന് പിന്നില്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ വലിയ മനസ്സിന്റെ കഥയുണ്ട്. ആംബുലന്‍സുകള്‍ വാങ്ങാനും യുദ്ധമുഖത്തേക്ക് ജനറേറ്ററുകള്‍ എത്തിക്കാനും സഹായിച്ചത് വന്‍കിട ബിസിനസുകാര്‍ മാത്രമല്ല, മറിച്ച് ഒരു യൂറോ മുതല്‍ സംഭാവന നല്‍കിയ പതിനയ്യായിരത്തോളം സാധാരണക്കാരാണ്.

തന്റെ കൊച്ചു സമ്പാദ്യപ്പെട്ടി പൊട്ടിച്ച് 1400 യൂറോയുടെ ജനറേറ്റര്‍ വാങ്ങി നല്‍കിയ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു ചെറിയ കുട്ടിയും, ക്രിസ്മസ് കരോള്‍ പാടി പണം സമാഹരിച്ച് സഹായിച്ച ഉക്രെയ്‌നിലെ അഭയാര്‍ഥിബാലന്മാരും ഈ സ്‌നേഹപ്രവാഹത്തിലെ മനോഹരമായ കാഴ്ചകളാണ്. മുന്‍പ് 200 ആംബുലന്‍സുകള്‍ ഉക്രെയ്‌നിലെത്തിക്കുകയും, അവിടുത്തെ നൂറുകണക്കിന് പരിക്കേറ്റ സൈനികര്‍ക്ക് സ്‌പെയിനില്‍ ചികിത്സയൊരുക്കുകയും, ബോംബുകളുടെ ഭീതിയൊഴിയാത്ത കുട്ടികള്‍ക്ക് അവധിക്കാലം ആഘോഷിക്കാന്‍ ബാഴ്സലോണയില്‍ വഴിയൊരുക്കുകയും ചെയ്ത സിസ്റ്റര്‍ ലൂസിയ ഇന്ന് കാരുണ്യത്തിന്റെ പര്യായമാണ്.

ചെര്‍ണോബില്‍ പോലെയുള്ള അതീവ അപകടമേഖലകളിലൂടെയും മൈനുകള്‍ വിതറിയ പാതകളിലൂടെയും യാത്ര ചെയ്യുമ്പോള്‍ സിസ്റ്ററുടെ മനസ്സില്‍ ഭയമില്ല. യുദ്ധം ദിവസേന വഷളായിക്കൊണ്ടിരിക്കുകയാണെന്നും, കുഞ്ഞുങ്ങളെ റഷ്യയിലേക്ക് കടത്തുന്നത് ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ തുടരുകയാണെന്നും അവര്‍ വേദനയോടെ ഓര്‍ക്കുന്നു.

എങ്കിലും, ഏതു നിമിഷവും റഷ്യന്‍ മിസൈലുകള്‍ പതിക്കാവുന്ന അതിര്‍ത്തിയിലേക്ക് കടക്കുമ്പോഴും സിസ്റ്റര്‍ ലൂസിയയുടെ വാക്കുകളില്‍ അടിയുറച്ച വിശ്വാസമുണ്ട്: ''ഞാന്‍ ഒന്നിനെയും ഭയപ്പെടുന്നില്ല; ഞങ്ങള്‍ ഞങ്ങളുടെ കടമ ചെയ്യുന്നു, ബാക്കിയെല്ലാം ദൈവത്തില്‍ വിശ്വസിക്കുന്നു.'' തോക്കുകള്‍ക്കും ബോംബുകള്‍ക്കും തകര്‍ക്കാന്‍ കഴിയാത്തത് മനുഷ്യന്റെ ഉള്ളിലെ സ്‌നേഹത്തെയാണെന്ന് ഈ സന്യാസിനി തന്റെ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
 

Tags

Share this story

From Around the Web