ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

 
election


തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് 8 തദ്ദേശസ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആര്‍ക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍,ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ്. പാലക്കാടാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. കണ്ണൂര്‍ പാലക്കാട് എന്നിവിടങ്ങളിലെ 15 പ്രശ്‌നബാധിത ബൂത്തടക്കം 385 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ നാല് വാര്‍ഡുകളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് ഡിവിഷന്‍, പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ്, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റ്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം സൗത്ത് എന്നീ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ്. അതില്‍ യുഡിഎഫിന് സ്വാധീനമുള്ള അയ്യപ്പന്‍കാവ് ഡിവിഷനില്‍ കൗണ്‍സിലര്‍ ദീപക് ജോയ് എംഎല്‍എ ആയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിയത്. ട്വന്റി ട്വന്റിയുടെ പൂജ ജോമോന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് യുഡിഎഫില്‍ ചേര്‍ന്നതോടെയാണ് പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ജില്ലയില്‍ കുറ്റിച്ചിറ വാര്‍ഡില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. കുറ്റിച്ചിറയിലെ കുത്തക നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വാര്‍ഡ് പിടിച്ചെടുക്കാനായി എല്‍.ഡി.എഫും വോട്ട് വിഹിതം കൂട്ടാനുള്ള ശ്രമത്തില്‍ എന്‍.ഡി.എയും കളത്തിലുണ്ട്. ഐ. എന്‍. എല്ലിലെ ടി. ടി ജംഷീനയും മുസ്ലിംലീഗിലെ ഫര്‍സീന അറക്കലും ബി.ജെ.പി.യിലെ കെ. ജീജയുമാണ് സ്ഥാനാര്‍ത്ഥികള്‍. ഫാത്തിമ തഹലീയ പേരാമ്പ്ര എം.എല്‍.എ ആയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുറ്റിച്ചിറ വാര്‍ഡില്‍ 8 ബൂത്തിലായി 9712 വോട്ടര്‍മാരാണുള്ളത്.

Tags

Share this story

From Around the Web