2024-ല്‍ ആഗോള ജനസംഖ്യയില്‍ 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: 2024-ല്‍ ആഗോള ജനസംഖ്യയുടെ 8.2 ശതമാനം ജനങ്ങള്‍, ഏകദേശം 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ പട്ടിണി അനുഭവിക്കുന്നവര്‍ വര്‍ധിച്ചതായി വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (ടഛഎക 2025) റിപ്പോര്‍ട്ട് തയാറാക്കിയത് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ്, യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് , വേള്‍ഡ് ഫുഡ് പ്രോഗ്രാം, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവ.
എല്ലാ രൂപത്തിലുമുള്ള വിശപ്പ്, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവ അവസാനിപ്പിക്കുന്നത് ലക്ഷ്യമിടുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ഷിക ആഗോള നിരീക്ഷണ റിപ്പോര്‍ട്ടാണിത്.
2024- ല്‍, ഏകദേശം 280 കോടി ജനങ്ങള്‍ മിതമായതോ കഠിനമോ ആയ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണി ഏറ്റവും കൂടുതല്‍ ബാധിച്ച ഭൂഖണ്ഡം ആഫ്രിക്കയാണ്, അവിടെ ഏകദേശം 30 കോടി ജനങ്ങള്‍ അതായത് ജനസംഖ്യയുടെ 20% ത്തിലധികം പേര്‍ പട്ടിണി അനുഭവിച്ചു.