സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം, വിവാഹം വിദേശത്ത് നടത്തരുത്; ജിഡിപി വളര്‍ച്ചയില്‍ വീഡിയോയുമായി മോദി

 
modi

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളര്‍ച്ച പ്രകടിപ്പിച്ചതില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവന്‍ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 


സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

ആഗോള തലത്തില്‍ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലും 7.8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്.

 കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള അസ്ഥിരതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും മൂലം ആഗോളതലത്തില്‍ വിതരണ ശൃംഖലകള്‍ വലിയ പ്രതിസന്ധിയിലാണ്. 

എന്നാല്‍, ഈ വെല്ലുവിളികളെല്ലാം മറികടന്ന് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക നേട്ടം നമ്മുടെ കൂട്ടായ ശക്തിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം മികച്ച വളര്‍ച്ച കൈവരിക്കുമ്പോഴും ചിലര്‍ നിരാശയില്‍ നിന്ന് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

'ചിലര്‍ രാജ്യത്ത് നിരാശയും അസത്യങ്ങളുടെ മുഴക്കവും' പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി കുറ്റപ്പെടുത്തി. 

എന്നാല്‍, ഇത്തരം ദുഷ്പ്രചാരണങ്ങളെയും തടസ്സങ്ങളെയും മറികടക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനങ്ങള്‍ സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നത് ജീവിതശൈലിയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

വിദേശരാജ്യങ്ങളിലേക്കുള്ള വിനോദയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും വിവാഹങ്ങള്‍ വിദേശത്ത് നടത്തുന്നതിന് പകരം 'വെഡ് ഇന്‍ ഇന്ത്യ' എന്ന നയം പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നതിലും നിയന്ത്രണം വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

 വരുംതലമുറയ്ക്കായി ഒരു 'വികസിത് ഭാരത്' കെട്ടിപ്പടുക്കാന്‍ 140 കോടി ജനങ്ങള്‍ ഒന്നിച്ച് കഠിനാധ്വാനം ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

Tags

Share this story

From Around the Web