ബസ് സമരം പിന്‍വലിച്ചു; ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയകരം, ടിക്കറ്റ് ചാര്‍ജ് വര്‍ധനവിലും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുന്ന കാര്യത്തിലും തല്‍ക്കാലം തീരുമാനമെടുക്കാന്‍ സാധിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ച് ബസ് ഉടമകള്‍. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം ഉപേക്ഷിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. സ്വകാര്യ ബസുകള്‍ കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസിന് എടുക്കാനും, പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപ്രകാരം നടപ്പിലാക്കാനും ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധനവിലും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുന്ന കാര്യത്തിലും തല്‍ക്കാലം തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രിയദര്‍ശിനി സര്‍വീസുകള്‍ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവാണ് സമിതിയുടെ ചെയര്‍മാന്‍. കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. പി. പ്രദീപ്കുമാര്‍, നാറ്റ്പാക് ടെക്‌നിക്കല്‍ ഓഫീസര്‍ സഞ്ജയ് ആര്‍. ജെ എന്നിവര്‍ അംഗങ്ങളും, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി. വി. എം. ഷെരീഫ് കണ്‍വീനറുമായുള്ള സമിതിയോട് ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.